ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ 'ശിവലിംഗത്തിൽ ഇരിക്കുന്ന തേൾ' പരാമർശത്തിലെ അപകീർത്തി കേസ് റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് രാജീവ് ബബ്ബർ നൽകിയ മാനനഷ്‌ടക്കേസ് റദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ് അനൂപ് കുമാർ മെൻഡിരട്ടയുടെ ബെഞ്ച് തള്ളിയത്. സെപ്‌റ്റംബർ 10 ന് വിചാരണ കോടതിയിൽ ഹാജരാകാൻ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. കേസിലെ നടപടികൾ സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള മുൻ ഇടക്കാല ഉത്തരവും കോടതി റദാക്കി.
2018 ൽ ബെംഗളൂരു ലിറ്ററേച്ചർ ഫെസ്‌റ്റിവലിലാണ് ശശി തരൂർ പ്രധാനമന്ത്രി മോദിക്കെതിരെ ഈ പരാമർശം നടത്തുന്നത്. പരാമർശം തന്‍റെയും കോടിക്കണക്കിന് വരുന്ന ശിവഭക്തരുടെയും മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ബബ്ബർ മാനനഷ്‌ടക്കേസ് നൽകുകയായിരുന്നു. ഐപിസി സെക്ഷൻ 500 അനുസരിച്ചാണ് ശശിതരൂരിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ താൻ മറ്റൊരാളുടെ പ്രസ്‌താവന ഉദ്ധരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ശശി തരൂർ വാദിച്ചു. 2020 ഒക്ടോബറിൽ ഹൈക്കോടതി വിചാരണ നടപടികൾക്ക് ഇടക്കാല സ്‌റ്റേ ഉത്തരവിട്ടു. കേസ് റദാക്കണമെന്ന തരൂരിന്‍റെ ഹർജിയിൽ പ്രതിഭാഗത്തോട് വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ഇതിനിടയിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിൻ്റെ പേരിൽ ഡൽഹി കോടതി തരൂരിന് 5,000 രൂപ പിഴ ചുമത്തുകയും അടുത്ത വാദം കേൾക്കുന്ന തീയതിയിൽ ഹാജരാകാൻ കർശനമായി നിർദേശിക്കുകയും ചെയ്‌തിരുന്നു. ഹർജി തള്ളിയ സാഹചര്യത്തിൽ തരൂർ ഇനി വിചാരണ നേരിടേണ്ടി വരും.
Also Read: വയനാട്ടിലെ ദുരന്തമേഖലയിൽ പ്രധാനമന്ത്രി നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു: ശശി തരൂർ എംപി