ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത മകളെ രണ്ട് വർഷത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ പിതാവിനെ കുറ്റവിമുക്തനാക്കിയ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കി. കൂടാതെ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും ചെയ്‌തു. സംഭവസമയത്ത് പെണ്‍കുട്ടിയ്‌ക്ക് 10 വയസായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടി പറയുന്ന കാര്യം വ്യക്തമാണെന്നും അവളെ അവിശ്വസിക്കാന്‍ കാരണമില്ലെന്നും കോടതി വ്യക്തമാക്കി.
2011-13 കാലഘട്ടത്തില്‍ നടന്ന സംഭവത്തിൽ ജസ്‌റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി തിരുത്തി പറഞ്ഞത്. വിചാരണ കോടതി തെളിവുകൾ തെറ്റായി വായിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്‌തുവെന്നും തെളിവുകളുടെ വിശകലനം ഊഹിച്ച അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉള്ള ഉറച്ച അഭിപ്രായത്തിലാണ് തങ്ങളെന്നും ബെഞ്ച് പറഞ്ഞു.
പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന കണ്ടെത്തൽ തെളിവുകൾക്ക് വിരുദ്ധമാണെന്ന കാരണം ചൂണ്ടിക്കാട്ടി നേരത്തെ പ്രഖ്യാപിച്ച വിധി തങ്ങള്‍ തിരുത്തുന്നു എന്നും കോടതി പറഞ്ഞു. സംസ്ഥാനം സമർപ്പിച്ച രണ്ട് അപ്പീലുകളും പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും നൽകിയ അപ്പീലുകളും ഹൈക്കോടതി പരിഗണിച്ചു. പോക്‌സോ നിയമത്തിലെ സെക്ഷൻ 6, ഐപിസി സെക്ഷൻ 506, 323 എന്നിവ പ്രകാരമുള്ള ശിക്ഷാർഹമായ കൃത്യം ചെയ്‌തതിന് കുട്ടിയുടെ പിതാവ് കുറ്റക്കാരനാണെന്ന് വിധിച്ചു. മൂന്നു സാക്ഷികളുടെയും മൊഴിയുടെ സാരാംശം പരസ്‌പരം സ്ഥിരീകരിക്കുന്നതിനാൽ അവർ പറയുന്നതിൽ സത്യം ഉണ്ടെന്ന കാര്യം വ്യക്തമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.