ന്യൂഡൽഹി : ആം ആദ്‌മി പാര്‍ട്ടി നേതാവും മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സഞ്ജയ് കുമാർ പിൻമാറി. മദ്യനയ അഴിമതി കേസുകള്‍ പുനപരിശോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) സമർപ്പിച്ച കേസുകളിൽ ജാമ്യാപേക്ഷ പുനപരിശോധിക്കാനുള്ള സിസോദിയയുടെ രണ്ട് വ്യത്യസ്‌ത ഹർജികൾ ജസ്റ്റിസ് സഞ്ജയ് കുമാർ അംഗമല്ലാത്ത മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സിസോദിയയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി, വിഷയം അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ബെഞ്ചിനോട് അഭ്യർഥിച്ചു. രണ്ട് കേസുകളിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 15ന് മറ്റൊരു ബെഞ്ച് ഇത് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും നൽകിയ കേസുകളിൽ സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ ജൂൺ നാലിന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. രണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസുകളിൽ തന്‍റെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതിയുടെ മെയ് 21ലെ വിധിയെ ചോദ്യം ചെയ്‌ത് സിസോദിയ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2021-22 ലെ ഡൽഹി മദ്യ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകളിൽ തന്‍റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതിയുടെ ഏപ്രിൽ 30-ലെ ഉത്തരവിനെ എഎപി നേതാവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 30ന്, ഡൽഹി എക്സൈസ് നയ കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. മൊത്ത മദ്യവിൽപ്പനക്കാർക്ക് 338 കോടി രൂപയുടെ ലാഭം നൽകിയെന്ന ആരോപണം ശരി വച്ചായിരുന്നു നടപടി.
മദ്യനയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. 2023 മാർച്ച് ഒന്‍പതിന് സിബിഐ തയ്യാറാക്കിയ എഫ്ഐആറിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു. 2023 ഫെബ്രുവരി 28 ന് അദ്ദേഹം ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
Also Read: മദ്യനയക്കേസ്: ഇഡി സമൻസുകള്‍ക്കെതിരെ കെജ്‌രിവാളിന്‍റെ ഹര്‍ജി പരിഗണിക്കുക സെപ്റ്റംബറില്‍