ന്യൂഡൽഹി : ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ സിബിഐയോടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനോടും പ്രതികരണം തേടി സുപ്രീം കോടതി. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് കെ കവിത അറസ്റ്റിലായത്.
ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കേസുകളിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് കെ കവിത സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ഓഗസ്റ്റ് 20 ന് കേസ് പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റിവച്ചു.
ഹർജിക്കാരി അഞ്ച് മാസം ജയിലിൽ കഴിഞ്ഞുവെന്ന് കവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടാതെ തൻ്റെ കക്ഷിക്ക് ജാമ്യത്തിന് അവകാശമുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി വാദിച്ചു. കവിതയുടെ കേസ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും കേസിന് സമാനമാണെന്ന് അദ്ദേഹം വാദിച്ചു.
സമാനമായ അഴിമതിക്കേസിൽ സിസോദിയയ്‌ക്കെതിരെ സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്‌ത കേസിൽ കഴിഞ്ഞയാഴ്‌ച കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേപോലെ ഇഡി കേസിൽ കെജ്‌രിവാളിനും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതേ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്‌തതിനാൽ കവിത കസ്‌റ്റഡിയിലാണ്.
അതിനാൽ ജാമ്യത്തിന് കവിതയും അർഹയാണെന്ന് അഭിഭാഷകൻ വാദിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കവിതയെ ഈ വർഷം മാർച്ച് 15 ന് ആണ് ഇഡിയും തുടർന്ന് ഏപ്രിൽ 11 ന് സിബിഐയും അറസ്റ്റ് ചെയ്‌തത്.
Also Read: മദ്യനയ അഴിമതി കേസ്: കവിതയ്‌ക്കൊപ്പമെന്ന് കെടിആറും ഹരീഷ്‌റാവു മുലാഖത്തും