ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതും കോടതിയില്‍ ഹാജരാക്കുന്നതുമായും ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണിപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. വ്യാഴാഴ്‌ച (മാര്‍ച്ച് 21) വൈകുന്നേരമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ നേതാവാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിന് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് അറസ്റ്റും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് 9 തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നിരന്തരം സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യാന്‍ ഹാജരാകാത്തതിലാണ് അറസ്റ്റെന്നാണ് ഇഡിയുടെ വാദം.
എന്താണ് ഡല്‍ഹി മദ്യനയ അഴിമതി കേസ് : 2021 നവംബറില്‍ ഡല്‍ഹിയിലെ മദ്യവില്‍പ്പന കൂടുതല്‍ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ പുതിയ എക്‌സൈസ് നയം അവതരിപ്പിച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മദ്യവില്‍പ്പനയിലെ പുരോഗമന ചിന്താഗതിയാണിതെന്ന് ഒരു കൂട്ടര്‍ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ എക്‌സൈസ് നയത്തിന്‍റെ സാമ്പത്തികവും പൊതുജനാരോഗ്യകരമായ പ്രത്യാഘാതങ്ങളെയും ഉയര്‍ത്തിക്കാട്ടി. എന്നാല്‍ പിന്നീട് അവയെല്ലാം കെട്ടടങ്ങിയെങ്കിലും ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസ് തലപൊക്കിയത്.
നയ രൂപീകരണ നടപടിക്രമങ്ങളില്‍ വലിയ പിഴവുകളുണ്ടെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് വീണ്ടും മദ്യനയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയത്. 2022 ജൂലൈയില്‍ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്‌ക്ക് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇതോടെയാണ് മദ്യനയ അഴിമതി കേസ് ഉയരുന്നത്.
അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ ഏകപക്ഷീയമായാണ് മദ്യനയത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നും അതിലൂടെ കോടി കണക്കിന് രൂപയുടെ നഷ്‌ടം സര്‍ക്കാരിനുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്‌ടമാണ് മന്ത്രിയുടെ തീരുമാനത്തിലൂടെ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ലൈസന്‍സ് ഫീസ് ഇളവുകള്‍, പിഴകളിലെ കിഴിവുകള്‍, കൊവിഡുമായി ബന്ധപ്പെട്ട ഇളവുകള്‍ തുടങ്ങി മദ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അവയുടെ നടത്തിപ്പുകാരില്‍ നിന്നും എഎപി സര്‍ക്കാരും നേതാക്കളും വന്‍ തുക കൈപ്പറ്റിയെന്നും ആരോപണങ്ങളുണ്ട്. ഇത്തരത്തില്‍ വാങ്ങിയ പണം 2022ല്‍ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ചെലവഴിച്ചതായും കേന്ദ്ര അന്വേഷണ ഏജസികള്‍ ചൂണ്ടിക്കാട്ടി.
എഎപി നേതാക്കള്‍ക്ക് അനുകൂലമാക്കാനും കാര്‍ട്ടല്‍ (Cartel Is A Group Of Independent Market Participants) രൂപീകരണത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള പഴുതുകളോടെയാണ് നയം മനഃപൂര്‍വ്വം രൂപകല്‍പ്പന ചെയ്‌തതെന്നുമാണ് ഇഡിയുടെ വാദം. മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന രണ്ട് കേസുകളും ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസുമാണ് നിലവിലുള്ളത്. മദ്യവില്‍പ്പനയ്ക്ക് ലൈസൻസ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നതായാണ് പ്രധാന ആരോപണം.
സിസോദിയയുടെ അറസ്റ്റ്: മദ്യനയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നരേഷ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന സിബിഐയ്‌ക്ക് നല്‍കുകയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്‌തു. സര്‍ക്കാരിന് 580 കോടിയിലധികം തുക നഷ്‌ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ വിഷയത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.
മനീഷ് സിസോദിയ അടക്കം മൂന്ന് പേരെ ലക്ഷ്യമിട്ടായിരുന്നു സിബിഐ അന്വേഷണവും റെയ്‌ഡുകളുമെല്ലാം അരങ്ങേറിയത്. അന്വേഷണത്തിനും റെയ്‌ഡുകള്‍ക്കുമെല്ലാം പിന്നാലെ 2022 സെപ്‌റ്റംബറില്‍ മനീഷ് സിസോദിയയും എഎപി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായരും അടക്കം 14 പേരെ പ്രതി ചേര്‍ത്ത് എഫ്‌ഐആറിട്ടു. കേസില്‍ സിബിഐ തുടര്‍ന്ന അന്വേഷണത്തിന് പിന്നാലെ സിസോദിയ അറസ്റ്റിലായി.
മദ്യനയ അഴിമതിയില്‍ കുരുങ്ങി കവിതയും : കേസില്‍ ഏതാനും ദിവസം മുമ്പാണ് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റിലായത്. ജൂബിലി ഹില്‍സിലെ കവിതയുടെ വസതിയില്‍ മണിക്കൂറുകളോളം ഇഡി നടത്തിയ റെയ്‌ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. മദ്യനയ അഴിമതി കേസില്‍ സൗത്ത് ഗ്രൂപ്പിന്‍റെ ഭാഗമാണെന്നും വിഷയത്തില്‍ സിസോദിയയും അരവിന്ദ് കെജ്‌രിവാളും കവിതയുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നുമാണ് കവിതയ്‌ക്കെതിരെയുള്ള ആരോപണം.
ഓംഗോൾ എംപി മഗുണ്ട ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുണ്ട, പി.വി രാംപ്രസാദ് റെഡ്ഡിയുടെ മകൻ പി. ശരത് ചന്ദ്ര റെഡ്ഡി, ഹൈദരാബാദ് ആസ്ഥാനമായുള്ള അരബിന്ദോ ഫാർമയുടെ സഹസ്ഥാപകൻ എന്നിവര്‍ക്കും കേസില്‍ പങ്കുണ്ടെന്നും ആരോപണമുണ്ട്.
ഒടുക്കം ഇഡി കെജ്‌രിവാളിലേക്കും : മാര്‍ച്ച് 18നാണ് തെലങ്കാനയില്‍ ബിആര്‍എസ് നേതാവ് കവിത അറസ്റ്റിലായത്. ഇതിന് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവും റെയ്‌ഡും കടുപ്പിച്ചത്. കേസിലെ പ്രധാന പ്രതികളുമായി കെജ്‌രിവാള്‍ ഇടപഴകിയെന്നും ഇഡി പറയുന്നു.
2023 ഒക്‌ടോബറിനും 2024 മാര്‍ച്ചിനും ഇടയില്‍ 9 സമന്‍സുകള്‍ കെജ്‌രിവാളിന് ലഭിച്ചു. ഇതേ തുടര്‍ന്നൊന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മാത്രമല്ല അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഡല്‍ഹി ഹൈക്കോടതി നിരസിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് കെജ്‌രിവാളിനും കൈവിലങ്ങ് വീണത്.
പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ : മദ്യനയവുമായി ബന്ധപ്പെട്ട ഇഡിയുടെ പ്രവര്‍ത്തനങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഇതെല്ലാം ഭരണകക്ഷിയായ ഭാരതീയ ജനത പാര്‍ട്ടി ആസൂത്രണം ചെയ്‌തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ മുഖ്യമന്ത്രിയുടെ അറസ്റ്റ് മൗലികാവകാശ ലംഘനമാണെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയില്‍ പറഞ്ഞു.
ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയാണിതെല്ലാമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അതേ ദിവസവും ഇഡി കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇഡി സ്ഥിരമായി ഇത് തുടരുകയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് മാസം കൂടി കാത്തിരിക്കാന്‍ അവര്‍ക്ക് സാധിക്കില്ലേയെന്നും അഭിഷേക് മനു സിങ്‌വി കോടതിയില്‍ ചോദിച്ചു. അതേസമയം അറസ്റ്റിലായ കെജ്‌രിവാളിനെ ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. പത്ത് ദിവസത്തെ കസ്‌റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.