ന്യൂഡൽഹി: ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി രാജിവച്ചു. അരവിന്ദർ സിങ് ലൗലിയുടെ രാജിയെ കുറിച്ചുള്ള വിവരം പാര്‍ട്ടി ഭാരവാഹികളാണ് പുറത്തുവിട്ടത്. ആം ആദ്‌മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതിലെ അതൃപ്‌തിയും ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയുമായുള്ള തര്‍ക്കവുമാണ് അരവിന്ദർ സിങ്ങിനെ രാജിയിലേക്ക് നയിച്ചത്.
2023 ഓഗസ്‌റ്റ് മാസത്തിലാണ് അദ്ദേഹം ഡൽഹി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റെടുത്തത്. രാജി അറിയിച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയ്‌ക്ക് അദ്ദേഹം കൈമാറിയിട്ടുണ്ട്. മുതിർന്ന ഡൽഹി കോൺഗ്രസ് നേതാക്കൾ ഏകകണ്‌ഠമായി എടുത്ത എല്ലാ തീരുമാനങ്ങളും എഐസിസി ജനറൽ സെക്രട്ടറി ഡൽഹി ഇൻചാർജ് ഏകപക്ഷീയമായി വീറ്റോ ചെയ്‌തിരിക്കുകയാണെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ലൗലി പറഞ്ഞു.
ഡിപിസിസി പ്രസിഡന്‍റായി നിയമിതനായതിനുശേഷം, എഐസിസി ജനറൽ സെക്രട്ടറി (ഡൽഹി ഇൻചാർജ്) തന്നെ സ്വതന്തമായി പ്രവർത്തിക്കാന്‍ അനുവദിച്ചിട്ടില്ല. മുതിർന്ന നേതാവിനെ ഡിപിസിസിയുടെ മാധ്യമ മേധാവിയായി നിയമിക്കണമെന്ന തന്‍റെ അഭ്യർഥന പോലും നിരസിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങൾ കോൺഗ്രസിനെതിരെ ഉന്നയിച്ചാണ് ആം ആദ്‌മി പാര്‍ട്ടി രൂപീകരിച്ചത്. ഇവരുമായുള്ള സഖ്യം ഡൽഹി കോൺഗ്രസ് എതിർത്തിരുന്നു. ഇത് വകവയ്‌ക്കാതെയാണ് എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചതെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.