ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി നല്‍കിയ സമന്‍സുകള്‍ പരിഗണിച്ചില്ലെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് (17-02-2024) റോസ് അവന്യൂ കോടതിയില്‍ ഹാജരാകും (Delhi excise policy case). ആംആദ്‌മി നേതാവ് മനീഷ് സിസോദിയയും സഞ്ജയ് സിംഗും സത്യേന്ദര്‍ ജയിനും ഇന്ന് കോടതിയില്‍ ഹാജരാകും. ജയിലിലുള്ള സത്യേന്ദര്‍ ജയിന്‍ ഓണ്‍ലൈനായാകും ഹാജരാവുക.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അയച്ച 5 സമന്‍സുകളാണ് അരവിന്ദ് കെജ്‌രിവാള്‍ ഒഴിവാക്കിയത്. തുടര്‍ന്ന് ഫെബ്രുവരി 17 ന് ഹാജരാകാൻ റോസ് അവന്യൂ കോടതി കെജ്‌രി വാളിനോട് നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം ഡല്‍ഹിയിലെ ആംആദ്‌മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി എംഎല്‍എമാരെ വേട്ടയാടുന്നു എന്ന് ആരോപിച്ച കെജ്‌രിവാള്‍ വെള്ളിയാഴ്ച വിശ്വാസ പ്രമേയം തേടാനുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. പ്രമേയത്തിന്മേലുള്ള തുടര്‍ നടപടികള്‍ ഇന്ന് നടക്കും. കെജ്‌രിവാൾ അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാവുന്ന സാഹചര്യത്തിലാണ് ആംആദ്‌മി സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടുന്നത്. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരുണ്ട്.
ആംആദ്‌മി സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്ന് കെജ്‍രിവാൾ ആരോപണമുയർത്തിയിരുന്നു. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ആംആദ്‌മി എംഎല്‍എമാര്‍ക്ക് ബിജെപി കൈക്കൂലി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നും കെജ്‌രിവാള്‍ ആരോപിച്ചു.