ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ 50 ദിവസം ജയിലില്‍ കഴിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് കെജ്‌രിവാളിന്‍റെ മോചനം.
കെജ്‌രിവാളിനെ സ്വീകരിക്കാൻ ആം ആദ്‌മി പാർട്ടി പ്രവർത്തകരും നേതാക്കളും ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. വാഹന വ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് കെജ്‌രിവാൾ തിഹാറിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത്. ഭാര്യ സുനിത കെജ്‌രിവാൾ, മകൾ ഹർഷിത, എഎപി രാജ്യസഭാംഗം സന്ദീപ് പഥക് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് താൻ പുറത്തിറങ്ങിയതെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ശനിയാഴ്‌ച ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീം കോടതി ജഡ്‌ജിമാർക്കും കെജ്‌രിവാള്‍ നന്ദി പറഞ്ഞു.
ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ തനിക്ക് 140 കോടി ഇന്ത്യക്കാരുടെ പിന്തുണ ആവശ്യമാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. 'നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണം. എന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാന്‍ അതിനായി പോരാടും. പക്ഷേ 140 കോടി ജനങ്ങളുടെ പിന്തുണ എനിക്ക് ആവശ്യമാണ്' -കെജ്‌രിവാള്‍ പറഞ്ഞു.
എഎപി ആസ്ഥാനത്ത് ഇതിനോടകം ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജൂൺ രണ്ടിന് തിരികെ ജയിലിലേക്ക് മടങ്ങണമെന്ന വ്യവസ്ഥയോടെയാണ് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ കെജ്‌രിവാളിന് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വോട്ടെടുപ്പ് വരെ മാത്രം ജാമ്യം മതിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.