ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിച്ചേക്കാമെന്ന് സുപ്രീം കോടതി. ജാമ്യം അപേക്ഷിച്ച് നല്‍കിയ ഹര്‍ജി, സുപ്രീം കോടതി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാള്‍ സ്ഥിരം കുറ്റവാളിയല്ലെന്നതും തെരഞ്ഞെടുപ്പ് നടക്കുന്നതിനാലുമാണ് ജാമ്യം പരിഗണനയ്‌ക്കെടുത്തത്.
എന്നിരുന്നാലും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നില്ലെന്ന് സുപ്രീം കോടതി ഉറപ്പുവരുത്തും. കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിൽ ഇഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായ എതിര്‍പ്പ് പ്രകടമാക്കി. ജാമ്യം അനുവദിച്ചാല്‍ കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടുന്നതിന് നിയന്ത്രണമുണ്ടാകുമെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. പ്രചാരണത്തിന് മാത്രമായിരിക്കും ജാമ്യം നല്‍കുകയെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
മാര്‍ച്ച് 21 നാണ് ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറായില്ല. കൂടാതെ ജയിലില്‍ കിടന്നുകൊണ്ട് ഭരണകാര്യങ്ങളില്‍ ഇടപെടുകയും ചെയ്‌തിരുന്നു.
ALSO READ: മദ്യനയ അഴിമതിക്കേസ്: കെ കവിതയുടെ കസ്‌റ്റഡി കാലാവധി നീട്ടി