കൊല്‍ക്കത്ത: ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പുകളെല്ലാം തകരാന്‍ തുടങ്ങിയെന്ന് ടിഎംസി പരിഹസിച്ചു.
വിമാനത്താവളത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നതിനെ കുറിച്ച് വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണകള്‍ക്ക് മേല്‍ നിരത്തിയ ഗ്യാരന്‍റികളെല്ലാം തകര്‍ന്ന് വീഴുകയാണെന്ന് ടിഎംസി സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ആരോപിച്ചു.
മോദി ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്‌ത കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് പൊളിഞ്ഞ് വീണത്. മാര്‍ച്ചിലായിരുന്നു ഇതിന്‍റെ ഉദ്ഘാടനം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണി പൂര്‍ത്തിയാകും മുമ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്നും ടിഎംസി എക്‌സില്‍ കുറിച്ചു.
വിമാനത്താവളത്തിലെ നിര്‍മാണത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും വ്യോമയാന മന്ത്രി രാവിലെ അപകടം നടന്നയുടന്‍ ഇവിടെ സന്ദര്‍ശനം നടത്തിയ ശേഷം വ്യക്തമാക്കിയിരുന്നു. 2008-09ലാണ് ഇതിന്‍റെ നിര്‍മ്മാണം നടന്നതെന്നും ജിഎംആര്‍ എന്ന സ്വകാര്യ സ്ഥാപനത്തിനായിരുന്നു നിര്‍മ്മാണക്കരാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ ആഭ്യന്തര യാത്രകള്‍ക്ക് മാത്രമായാണ് ടെര്‍മിനല്‍ വണ്‍ ഉപയോഗിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ആകെ മൂന്ന് ടെര്‍മിനലുകള്‍ ഉണ്ട്. നിത്യവും 1400 വിമാനങ്ങള്‍ ഇവിടെ സര്‍വീസ് നടത്തുന്നു.
Also Read: ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്