ഉത്തർപ്രദേശ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്‌ടക്കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി വീണ്ടും വാദം കേൾക്കുന്നത് സെപ്റ്റംബർ 19ലേക്ക് മാറ്റിവച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഹാജരാകാത്തതിനാലാണ് കോടതി നടപടി. നേരത്തെ ഓഗസ്റ്റ് 23നും കോടതി കേസ് മാറ്റിവയ്ക്കുകയും സെപ്റ്റംബർ 5ന് വാദം കേൾക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
അതിനുമുമ്പ് ഓഗസ്റ്റ് 12ന് കോടതിയിലെ പ്രത്യേക ജഡ്‌ജി അവധിയിലായതിനാൽ വാദം കേൾക്കാനായില്ല. ആരോഗ്യനില മോശമായതിനാൽ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാകാനാകില്ലെന്ന് ഹർജിക്കാരനായ വിജയ് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ പറഞ്ഞു. "തെളിവുകൾ ഹാജരാക്കാൻ കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു. അത് സ്വീകരിച്ചു, എംപി-എംഎൽഎ കോടതി കേസിൽ അടുത്ത തീയതി സെപ്റ്റംബർ 19 ആയി നൽകിയിട്ടുണ്ട്," പാണ്ഡെ പറഞ്ഞു. സെപ്‌റ്റംബർ 19ന് അഭിഭാഷകൻ മുഖേന പരാതിക്കാരൻ കോടതിയിൽ തെളിവുകൾ ഹാജരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2018ലെ കർണാടക തെരഞ്ഞെടുപ്പിനിടെ മുതിർന്ന ബിജെപി നേതാവ് അമിത് ഷായ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. തുടര്‍ന്നാണ് 2018 ഓഗസ്റ്റിൽ പ്രാദേശിക ബിജെപി നേതാവും മുൻ സഹകരണ ചെയർമാനുമായ മിശ്ര കോടതിയിൽ മാനനഷ്‌ടക്കേസ് നല്‍കിയത്. ഫെബ്രുവരി 20ന് 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്കിടെയാണ് ഗാന്ധി കോടതിയിൽ കീഴടങ്ങിയത്. 25,000 രൂപ വീതമുള്ള രണ്ട് വ്യക്തിഗത ബോണ്ടുകളിൽ ജാമ്യം ലഭിച്ചു. അതിനുശേഷം കോടതി പലതവണ നോട്ടിസ് നൽകി മൊഴി രേഖപ്പെടുത്താൻ വിളിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധിക്ക് കോടതിയിൽ എത്താനായില്ല. തുടർന്ന് ഹാജരാകാൻ കോടതി കര്‍ശന ഉത്തരവിട്ടു. ജൂലൈ 26ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുൽത്താൻപൂർ കോടതിയിൽ വന്ന് മൊഴി രേഖപ്പെടുത്തി. ഈ കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 12ന് വാദം കേൾക്കേണ്ടിയിരുന്നെങ്കിലും എംപി-എംഎൽഎ കോടതിയിലെ ജഡ്‌ജി അവധിയിലായതിനാൽ വാദം കേൾക്കാനുമായില്ല.