കൊല്‍ക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ 61 ദിവസം കൊണ്ട് വധ ശിക്ഷ വിധിച്ച് പോക്‌സോ കോടതി. കേസില്‍ ജയ്‌നഗര്‍ സ്വദേശി മുസ്‌താഖിനെയാണ് വധശിക്ഷക്ക് വിധിച്ചത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. ബറൂയിപ്പൂർ ജില്ലാ കോടതി ജഡ്‌ജി സുബ്രത ചാറ്റർജിയാണ് പോക്‌സോ കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പെൺകുട്ടി ഒക്‌ടോബർ നാലിന് ട്യൂഷന് പോയി രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണവും ആരംഭിച്ചു. പിറ്റേദിവസം പുലർച്ചെ പെൺകുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള തണ്ണീർത്തടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബലാത്സംഗം ചെയ്‌ത് കൊലപ്പടുത്തിയ കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്‌തു.
സംഭവത്തില്‍ മുസ്‌താഖ് എന്ന യുവാവിനെ പൊലീസ് പിടികൂടുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. സംഭവം നടന്ന് 25 ദിവസത്തിന് ശേഷം ഒക്‌ടോബർ 30ന് ബറൂയിപ്പൂർ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബർ ഏഴിന് പൊലീസ് എസ്ഐടി (സ്‌പെഷ്യല്‍ ഇൻവെസ്‌റ്റിഗേഷൻ ടീം) രൂപീകരിക്കുകയും അതിവേഗ കോടതിയിൽ വിചാരണ ആരംഭിക്കുകയും ചെയ്‌തു. 36 ഓളം പേർ കേസിൽ മൊഴി നൽകി. തെളിവുകൾ പരിശോധിച്ച ശേഷം, ബറൂയിപ്പൂർ പോക്‌സോ കോടതി ഡിസംബർ 5ന് മുസ്‌താഖിനെ ശിക്ഷക്ക് വിധിക്കുകയും ചെയ്‌തു. പ്രതിക്ക് വധശിക്ഷ വിധിച്ചതിൽ തങ്ങൾ സന്തുഷ്‌ടരാണെന്ന് ഇരയുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേസ് വേണ്ട രീതിയില്‍ പൊലീസ് കൈകാര്യം ചെയ്യുകയോ എഫ്‌ഐആര്‍ രെജിസ്‌റ്റര്‍ ചെയ്യുകയോ ചെയ്‌തില്ലെന്ന ആക്ഷേപവുമുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് ശേഷമാണ് പൊലീസ് കാര്യക്ഷമമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുടുംബം ആദ്യം മഹിഷ്‌മാരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ പോയതായും അവിടെ പരാതി രജിസ്‌റ്റർ ചെയ്യുന്നതിനുപകരം ജയ്‌നഗർ സ്‌റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും ആരോപിച്ചു. ജയ്‌നഗർ പൊലീസ് പരാതിക്കാരെ വീണ്ടും കുൽത്താലി പൊലീസ് സ്‌റ്റേഷനിലേക്ക് അയക്കുകയും ചെയ്‌തു.
പൊലീസ് നടപടിയില്‍ കുട്ടിയുടെ ബന്ധുക്കള്‍ അതൃപ്‌തി രേഖപ്പെടുത്തി. പൊലീസ് ഉടൻ നടപടിയെടുത്തിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് കുടുംബം അവകാശപ്പെട്ടു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ജയ്‌നഗറിര്‍, കുൽതാലി സ്‌റ്റേഷൻ ഉപരോധിച്ചു.