ന്യൂഡല്‍ഹി: ബിരുദതല പ്രവേശനത്തിനുള്ള പൊതുപരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമായിരിക്കുമെന്ന് വ്യക്തമാക്കി യുജിസി. 2025 മുതലാണ് പുതിയ പരിഷ്ക്കാരം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയ്ക്കായി ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുക്കാം. പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച വിഷയം മാത്രമേ ബിരുദതലത്തില്‍ തെരഞ്ഞെടുക്കാനാകൂ എന്ന നിബന്ധനയാണ് യുജിസി ഇതോടെ ഇല്ലാതാക്കിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ ബിരുദതല പ്രവേശന പരീക്ഷ പുനഃപരിശോധിക്കാനായി രൂപീകരിച്ച വിദഗ്‌ധസംഘം ധാരാളം മാറ്റങ്ങള്‍ക്ക് ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്ന് യുജിസി അധ്യക്ഷന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2025 മുതല്‍ പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമാകും. നേരത്തെ രണ്ട് തരത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരമുണ്ടായിരുന്നു. അതോടൊപ്പം തന്നെ പ്രവേശന പരീക്ഷ 63 വിഷയങ്ങളില്‍ നിന്ന് 37 വിഷയങ്ങളായി ചുരുക്കിയിട്ടുണ്ട്. നീക്കം ചെയ്‌ത വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിനായി പൊതു അഭിരുചി പരീക്ഷ നടത്തും.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കാത്ത വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകും. ഉന്നതപഠനത്തിനുള്ള തടസങ്ങള്‍ മറികടക്കാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും ജഗദീഷ് കുമാര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് പരാമാവധി അഞ്ച് വിഷയങ്ങളില്‍ വരെ മാത്രമേ പരീക്ഷ എഴുതാനാകൂ. നേരത്തെ ആറ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകുമായിരുന്നു.
അതുപോലെ തന്നെ പരീക്ഷാ സമയം വിഷയങ്ങള്‍ക്ക് അനുസരിച്ച് 45 മുതല്‍ അറുപത് മിനിറ്റ് വരെ ആയിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂറായി നിജപ്പെടുത്തി. അതുപോലെ തന്നെ താത്പര്യമുണ്ടെങ്കില്‍ മാത്രം ഉത്തരമെഴുതിയാല്‍ മതിയെന്ന ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തമെഴുതണമെന്നും അദ്ദേഹം വ്യക്തമാക്കി.
2022ല്‍ നടത്തിയ ആദ്യ പ്രവേശന പരീക്ഷയില്‍ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒരേ വിഷയത്തില്‍ തന്നെ നിരവധി ഷിഫ്‌റ്റുകളിലായി പരീക്ഷ നടത്തേണ്ടി വന്നു. ഫലം പ്രഖ്യാപിച്ച ശേഷവും വിവിധ ഏകീകരിക്കലുകള്‍ വേണ്ടി വന്നു. 2024ല്‍ ആദ്യമായി പരീക്ഷയില്‍ ഹൈബ്രിഡ് മോഡ് ഉപയോഗിച്ചു.
അതായത് ഓണ്‍ലൈനിലൂടെയും അല്ലാതെയും പരീക്ഷ എഴുതുന്ന രീതി അവലംബിച്ചു. ഡല്‍ഹിയില്‍ പരീക്ഷ തൊട്ടുമുമ്പ് റദ്ദാക്കേണ്ട സാഹചര്യവും ഉണ്ടായി. പരീക്ഷയുടെ തലേദിവസം രാത്രിയാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇത്തരത്തിലുള്ള പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നടപടികള്‍ ഇക്കൊല്ലം മുതലുണ്ടാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
Also Read; സിയുഇടി പരീക്ഷകളില്‍ മാറ്റത്തിനൊരുങ്ങി യുജിസി; അടുത്ത വര്‍ഷം മുതല്‍ പുതിയ രീതി