ഗുവാഹത്തി : ഗുവാഹത്തിയിലെ ബോർജറിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിയിലായിരുന്ന വനിത ജീവനക്കാരിയെ ഐപിഎസ് ഉദ്യോഗസ്ഥൻ ഉപദ്രവിച്ചതായി പരാതി. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മാർച്ച് 17 നാണ് സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മാർച്ച് 19 ന് സിആർപിഎഫിന്‍റെ എഡിജി വിനോദ് കുമാർ സിങ്ങിനെതിരെ ഡ്യൂട്ടിയിലായിരുന്ന വനിത ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് അധികൃതർ പൊലീസിൽ പരാതി നൽകി. പരാതിയിൽ പറഞ്ഞതനുസരിച്ച് മാർച്ച് 17 ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. സിആർപിഎഫിന്‍റെ എഡിജി വിനോദ് കുമാർ സിങ് (ഐപിഎസ്) വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഗുവാഹത്തിയിലെ സിആർപിഎഫിന്‍റെ നോർത്ത് ഈസ്റ്റ് സോൺ ഓഫിസിലെ അംഗീകൃത ഉദ്യോഗസ്ഥന്‍റെ രേഖാമൂലമുള്ള അഭ്യർഥനയെ തുടർന്നാണ് വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. ഈ റിസർവ് ലോഞ്ചിൽ ഡ്യൂട്ടി ചെയ്‌തുകൊണ്ടിരുന്ന വനിത ജീവനക്കാരിയെ ഐപിഎസ് ഉദ്യോഗസ്ഥൻ ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ബികെ സിങ് ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ചുവെന്നും, എതിർത്തപ്പോൾ താൻ പറയുന്നത് അനുസരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു എന്നും പരാതിയിൽ പറയുന്നു.
സ്ത്രീ എതിർക്കുകയും സിങ്ങിനോട് നന്നായി പെരുമാറാൻ ആവശ്യപ്പെടുകയും ചെയ്‌തതായി പരാതിയിൽ പറയുന്നുണ്ട്. ഇതിനിടയിൽ സുരക്ഷ ജീവനക്കാർ ലോഞ്ചിൽ പ്രവേശിച്ചതിനെ തുടർന്ന് വിനോദ് കുമാർ സിംഗ് തന്‍റെ ഫോണുമായി ചെയ്‌ത് ലോഞ്ചിൽ നിന്ന് പുറത്തേക്ക് പോയി. വനിത ജീവനക്കാരിക്ക് നീതി തേടി വിമാനത്താവള അധികൃതർ പൊലീസിൽ രേഖാമൂലം പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തായത്. സംഭവത്തിൽ അസം പൊലീസ് വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.