ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ ഒരു സിആർപിഎഫ് ഇൻസ്പെക്‌ടര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഉധംപൂർ ജില്ലയിലെ ചീൽ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരർ ഒളിഞ്ഞിരുന്ന് വെടിവയ്‌ക്കുകയായിരുന്നു.
സിആർപിഎഫും ലോക്കൽ പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പുമായിരുന്നു പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. അജ്ഞാതരായ ഭീകരർ വെടിയുതിർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയേറ്റ സിആർപിഎഫ് 187-ാം ബറ്റാലിയനിലെ ഇന്‍സ്‌പെക്‌ടര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണത്തിന് കീഴടങ്ങിയത്.
പട്രോളിങ് പാർട്ടി ശക്തമായ തിരിച്ചടി നല്‍കിയതോടെ ഭീകരർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്തേക്ക് കൂടുതല്‍ സേന എത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം കാശ്‌മീരില്‍ തുടര്‍ച്ചയായ വെടിവയ്‌പ്പാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: ജമ്മുവിൽ ഏറ്റുമുട്ടൽ: ആർമി ക്യാപ്റ്റന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു - ARMY CAPTAIN KILLED IN JAMMU
ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആർമി ക്യാപ്റ്റന് വീരമൃത്യു വരിച്ചിരുന്നു. 48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ ദീപക് സിങ്ങാണ് കൊല്ലപ്പെട്ടത്. നാല് ഭീകരരെ സേന വധിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. അനന്ത്നാഗിലും അടുത്തിടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. പ്രദേശവാസികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തിരുന്നു.