ബെംഗളൂരു : കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ അമ്മ അടക്കം 4 പേര്‍ കുറ്റക്കാരെന്ന് കോടതി. 53 പ്രതികളുണ്ടായിരുന്ന കേസില്‍ 49 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ 4 പ്രതികള്‍ക്കെതിരെ തിങ്കളാഴ്‌ച (മാര്‍ച്ച് 11) ശിക്ഷ വിധിക്കും.
ചിക്കമംഗളൂരു പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേസിലെ ബാക്കിയുള്ള 49 പേരെ കോടതി വെറുതെ വിട്ടത്. 2020 മുതല്‍ 2021വരെയാണ് കേസിനാസ്‌പദമായ സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് താന്‍ നിരന്തരം പീഡനത്തിന് ഇരയാകുവെന്ന് പറഞ്ഞ് ചിക്കമംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. മകളെ പീഡിപ്പിക്കുന്നതിന് കൂട്ട് നിന്നതിനാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. മാത്രമല്ല പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നവരില്‍ നിന്നും അമ്മ പണം കൈപ്പറ്റുന്നുവെന്നുമായിരുന്നു മകളുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ചിക്കമംഗളൂരു പൊലീസ് അന്വേഷണം നടത്തി. ഇതോടെ 53 പേര്‍ കുറ്റാരോപിതരായി. ചിക്കമംഗളൂരു എഎസ്‌പിയായിരുന്ന ശ്രുതിയാണ് കേസില്‍ അന്വേഷണം നടത്തിയത്. 38 വ്യത്യസ്‌ത കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഏറെ മാസങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ കോടതി 49 പേരെ വെറുതെ വിട്ടത്.