ന്യൂഡൽഹി : അങ്കിത് സക്‌സേന കൊലപാതക കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. 2018 ഫെബ്രുവരിയിൽ ദുരഭിമാനത്തെ തുടർന്ന് ഫോട്ടോഗ്രാഫർ അങ്കിത് സക്‌സേനയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. സക്‌സേനയുടെ കാമുകി ഷെഹ്‌സാദിയുടെ മാതാപിതാക്കളായ അക്ബർ അലി, ഷഹനാസ് ബീഗം, മാതൃസഹോദരൻ മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് നടപടി.
ഡൽഹി പൊലീസിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ റബേക്ക മാമ്മൻ ജോൺ, വിശാൽ ഗോസൈൻ എന്നിവർ ഹാജരായി. കുറ്റകൃത്യം നടക്കുമ്പോൾ സലിമിന് 43 വയസും അലിക്കും ബീഗത്തിനും 40 വയസുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആറ് വർഷത്തോളമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302, 34 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്‌തതിന് മൂവർക്കും കോടതി കഠിന ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തി. അതുകൂടാതെ സ്വമേധയാ ഉപദ്രവിച്ച കുറ്റത്തിന് ബീഗത്തിന് മൂന്ന് മാസത്തെ കഠിന തടവും 1,000 രൂപ പിഴയും വിധിച്ചു. പിഴ തുക സക്‌സേനയുടെ അമ്മയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 23 ന് മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. വ്യത്യസ്‌ത സമുദായക്കാരായ സക്‌സേനയുമായുള്ള ബന്ധത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്.