മുംബൈ : വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കറിന്‍റെ അമ്മ മനോരമ ഖേദ്ക്കറും അച്ഛന്‍ ദിലീപ് ഖേദ്ക്കറും അറസ്റ്റില്‍. വസ്‌തു തര്‍ക്കത്തിന്‍റെ പേരില്‍ ആളുകളെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിലാണ് നടപടി. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള മഹാഡില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
പൂനെയിലെ മുല്‍ഷിയിലുള്ള ധാദ്‌വാലി ഗ്രാമത്തില്‍ ഒരു ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് മനോരമയും ഭര്‍ത്താവ് ദിലീപ് ഖേദ്ക്കറും ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നാലെ പൂനെ റൂറലിലെ പൗദ് പൊലീസ്, ഖേദ്ക്കര്‍ ദമ്പതിമാരെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്‌തു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 323 (വിശ്വാസ വഞ്ചന, വസ്‌തുവിന്‍റെ അതിരുകള്‍ അനധികൃതമായി നീക്കുക) അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ ആയുധ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മഹാദില്‍ നിന്ന് അറസ്റ്റ് ചെയ്‌ത മനോരമയെ പൂനയിലേക്ക് കൊണ്ടുവന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയതായി പൂനെ റൂറല്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് അറിയിച്ചു. അധികാര ദുർവിനിയോഗത്തെ തുടര്‍ന്നും സർട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്നും അന്വേഷണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്‌ക്കര്‍.
സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള വൈകല്യങ്ങൾ പരിശോധിക്കാനായി വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പൂജ. ആരോപണങ്ങൾ നേരിടുന്ന പൂജ ഖേദ്‌ക്കറെ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്‌മിനിസ്‌ട്രേഷനിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ്.
ഇതിനിടെ പൂനെ ജില്ല കലക്‌ടര്‍ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി പൂജ ഖേദ്‌ക്കര്‍ രംഗത്ത് എത്തി. തിങ്കളാഴ്‌ച വാഷിമിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് പൂജ സുഹാസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ കലക്‌ടര്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തെ കുറിച്ച് പറയാന്‍ പൂജ വിസമ്മതിച്ചിരുന്നു. അധികാര ദുർവിനിയോഗം ആരോപിച്ച് പൂജയെ നേരത്തെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജില്ല പരിശീലന പരിപാടിയില്‍ നിന്നും പൂജയെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തി. പൂജ ഖേദ്‌ക്കര്‍ സ്വകാര്യ കാറില്‍ നിയമ വിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനെതിരെ പൂനെ കലക്ര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചിരുന്നു.
Also Read: പൂജ ഖേഡ്ക്കറിനെതിരെ നടപടി; ഐഎഎസ് പരിശീലനത്തിന് വിലക്ക്, മസൂറിയിലെ അക്കാദമിയില്‍ ഹാജരാകണം