ജലന്ധര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് അപ്രമാദിത്തമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ചരണ്‍സിങ്ങ് ചന്നി. സംസ്ഥാനത്തെ യുവാക്കള്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനും ഇവിടെ മയക്കുമരുന്ന് നുഴഞ്ഞ് കയറ്റത്തിനും കാരണം ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബിലെ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരുമെന്നും എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചന്നി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എപ്പോഴും പഞ്ചാബിലെ പൊതുജനങ്ങളെ ഇടിച്ചുതാഴ്‌ത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബിന്‍റെ സമ്പദ്ഘടന കാര്‍ഷികമേഖലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അത് കൊണ്ട് തന്നെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ഇവിടുത്തെ ജനങ്ങളെ അസ്വസ്ഥരാക്കും. അത് കൊണ്ടാണ് അവര്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടിയേറ്റത്തിനും മയക്കുമരുന്ന് മാഫിയയുടെ വളര്‍ച്ചയ്ക്കും കാരണം ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷമായി അവരെന്താണ് ചെയ്യുന്നത്? അതിര്‍ത്തികളില്‍ മയക്കുമരുന്ന് തടയേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. യുവാക്കള്‍ അന്യനാടുകളിലേക്ക് ചേക്കേറുന്നതിനും അവര്‍ പരിഹാരമുണ്ടാക്കണം.
ആംആദ്‌മി, ബിജെപി നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. ഇവര്‍ സംസ്ഥാനത്ത് മയക്കുമരുന്ന് റാക്കറ്റ് നടത്തുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ പോലും മയക്കുമരുന്ന് കടത്തുകാരുടെ ആക്രമണങ്ങള്‍ക്കിരയാകുന്നു. സംസ്ഥാനത്തെ ആം ആദ്‌മി പാര്‍ട്ടി എംഎല്‍എമാരുടെ ഒത്താശയോടെയാണ് ഇവര്‍ സംസ്ഥാനത്ത് തടിച്ച് കൊഴുക്കുന്നത്. നേരത്തെ മയക്കുമരുന്ന് കടത്തുകാരുടെ അനുയായി ആയിരുന്ന ഒരാള്‍ ഇപ്പോള്‍ ബിജെപിയിലുണ്ട്. ഇവരാണ് ഇവിടേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു സംഘം മയക്കുമരുന്ന് കടത്തുകാരെ പഞ്ചാബ് പൊലീസും ബിഎസ്‌എഫും ചേര്‍ന്ന് പിടികൂടിയിരുന്നു. രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് പിടിയിലായത്. പഞ്ചാബിലെ ഫസില്‍ക്കയില്‍ നിന്ന് ഏഴ് പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. 1.7 ലക്ഷം രൂപ വിലമതിക്കുന്ന 5.47 കിലോ ഹെറോയിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Also Read: കോൺഗ്രസ് സ്ഥാനാർഥിയുടെ റാലിക്കിടെ വെടിവയ്‌പ്പ്; ചീഫ് ഇലക്‌ടറൽ ഓഫിസര്‍ റിപ്പോർട്ട് തേടി