ന്യൂഡൽഹി: ലോക്‌സഭയിലെ ഏറ്റവും മുതിർന്ന എംപിയായ കൊടിക്കുന്നിൽ സുരേഷിനെ മറികടന്ന് ബിജെപിയുടെ മഹ്താബിനെ ലോക്‌സഭാ പ്രോ-ടേം സ്‌പീക്കറായി നിയമിച്ച കേന്ദ്ര സർക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ സ്‌പീക്കറെ സഹായിക്കാൻ കൊടിക്കുന്നിൽ സുരേഷ്, താളിക്കോട്ട രാജുതേവർ ബാലു, രാധാ മോഹൻ സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്‌തെ, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയും പ്രസിഡൻ്റ് മുർമു നിയമിച്ചിരുന്നു. എന്നാല്‍ എംപിമാരുടെ സത്യപ്രതിജ്ഞ സമയത്ത് സഹായിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ലോക്‌സഭയില്‍, പാർട്ടി പരിഗണിക്കാതെ എല്ലായ്‌പ്പോഴും ഏറ്റവും മുതിർന്ന അംഗത്തിനാണ് പ്രോ-ടേം സ്‌പീക്കറാകാൻ അവസരം നൽകുന്നത്. അംഗം, ഏത് പാർട്ടിയിൽ നിന്നുള്ളയാളായാലും അതാണ് കീഴ്‌വഴക്കം. അത് അവർക്ക് നൽകുന്ന ബഹുമാനമാണ്. നിർഭാഗ്യവശാൽ, കേരളത്തിൽ നിന്ന് 8 തവണ എംപിയായ ദലിത് അംഗത്തിന് പ്രോടേം സ്‌പീക്കറാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഈ രാജ്യത്തെ ദലിതരോടും അടിച്ചമർത്തപ്പെടുന്ന സമൂഹത്തോടുമുള്ള എൻഡിഎ സർക്കാരിൻ്റെ മനോഭാവമാണ് ഈ നടപടി കാണിക്കുന്നത്. ഈ സമ്മേളനം 8 ദിവസമല്ലെങ്കിലും പ്രതിപക്ഷവുമായി സര്‍ക്കാര്‍ സമവായത്തിലായിരിക്കണം, കാരണം ഞങ്ങൾ രാജ്യത്തിൻ്റെ ഏകദേശം 45 ശതമാനത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസയമം പൊതുതെരഞ്ഞെടുപ്പിന് ശേഷം 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനമാണിത്. ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 293 സീറ്റുകൾ നേടുകയും ഇന്ത്യ ബ്ലോക്ക് 234 നേടുകയും ചെയ്‌തു. 99 സീറ്റുകളിലാണ് ഇക്കുറി കോണ്‍ഗ്രസ് വിജയിച്ചത്. അതേസമയം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് പാർലമെൻ്റിലെ സിപിപി ഓഫീസിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
രാജ്യസഭയുടെ 264-ാമത് സമ്മേളനവും ജൂൺ 27 ന് ആരംഭിച്ച് ജൂലൈ 3 ന് സമാപിക്കും. കൂടാതെ, സമാജ്‌വാദി പാർട്ടി പാർലമെൻ്ററി യോഗം തിങ്കളാഴ്‌ച ഡൽഹിയിൽ നടക്കും. പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. 17-ാം ലോക്‌സഭയുടെ (ബജറ്റ് സെഷൻ) അവസാന സമ്മേളനം 2024 ജനുവരി 31 നും ഫെബ്രുവരി 10 നും ഇടയിലാണ് നടന്നത്.