പശ്ചിമ ബംഗാള്‍ : പശ്ചിമ ബംഗാളിലെ പല ബൂത്തുകളിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജന്‍ ചൗധരി. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ വോട്ടെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സേനയ്ക്കും അധീർ ചൗധരി നന്ദി അറിയിക്കുകയും ചെയ്‌തു. കേന്ദ്ര സേന ഇല്ലായിരുന്നെങ്കിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'മിക്ക സ്ഥലങ്ങളിലെ വോട്ടെടുപ്പുകളും സമാധാനപരമായിരുന്നു. എന്നാൽ എല്ലാ തെരഞ്ഞെടുപ്പുകളും സമാധാനപരമായിരുന്നില്ല. പൊലീസിൽ തൃണമൂലിനോട് കൂറുള്ള ചില ബ്രോക്കർമാർ ഉണ്ട്. സലാറിലെ ചില ബൂത്തുകളില്‍ തൃണമൂൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. പക്ഷേ ബൂത്ത് പിടിച്ചെടുക്കാനായില്ല. എന്നാല്‍ സലാറിലെയും ഹികാംപൂരിലെയും 10-12 ബൂത്തുകളിൽ തൃണമൂലിൻ്റെയും പൊലീസിൻ്റെയും പിന്തുണയോടെ കള്ളവോട്ട് നടന്നു.'- അധീർ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ഈ കമ്മിഷനുകളിൽ വീണ്ടും തെരഞ്ഞെടുപ്പിന് അപേക്ഷിക്കുമെന്നും അധീര്‍ ചൗധരി വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ വാക്കുകൾക്ക് പ്രാധാന്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു.