ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ 43 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്(Congress).
നിലവിലെ ലോക്‌സഭാംഗവും അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ മകനുമായ ഗൗരവ് ഗോഗോയ് സംസ്ഥാനത്തെ ജോര്‍ഹാട്ട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ നകുല്‍ ഛിദ്വാരയില്‍ നിന്ന് മത്സരിക്കും. ഇവിടുത്തെ നിലവിലെ എംപിയാണ് നകുല്‍. ഇവരുടെ കുടുംബ കുത്തക മണ്ഡലം കൂടിയായാണ് ഛിദ്വാര വിലയിരുത്തുന്നത്. രാജസ്ഥാനിലെ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ മകന്‍ വൈഭവ് ജാല്‍മോറില്‍ നിന്ന് ജനവിധി തേടും(second list).
കഴിഞ്ഞാഴ്ച എട്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 39 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്‍റെ പിറ്റേദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷത വഹിച്ച യോഗമാണ് തെരഞ്ഞെടുപ്പ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്(43 Lok Sabha candidates). അസം, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ദാമന്‍ ആന്‍ഡ്, ദ്യു തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പത്ത് പേര്‍ പൊതു വിഭാഗത്തില്‍ നിന്നും 33 പേര്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. 25 സ്ഥാനാര്‍ത്ഥികള്‍ക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായം. എട്ട്പേര്‍ 51നും അറുപതിനുമിടയില്‍ പ്രായമുള്ളവരാണ്. പത്ത് പേര്‍ 61നും 70നുമിടയില്‍ പ്രായമുള്ളവരാണ്.
- https://www.facebook.com/IndianNationalCongress/videos/1461046061456414
ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ; ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രാജ് നന്ദഗാവില്‍ നിന്ന് ജനവിധി തേടും. ഡി കെ സുരേഷ് ബംഗളൂരു റൂറലില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടും. കെ സി വേണുഗോപാല്‍ ആലപ്പുഴയിലാണ് മത്സരിക്കുന്നത്.
ഡോ.ശിവകുമാര്‍ ദാരിയ പട്ടികജാതി മണ്ഡലമായ ജാംഗിര്‍ ചാമ്പയില്‍ നിന്ന് മത്സരിക്കും. ജ്യോത്സ്ന മഹന്ത് (കോര്‍ബ),രാജേന്ദ്ര സാഹു(ദര്‍ഗ്)വികാസ് ഉപാധ്യായ(റായ്പൂര്‍)തമര്‍ധ്വാജ് സാഹു (മഹാസാമുണ്ഡി)തുടങ്ങിയവരാണ് ഛത്തീസ്ഗഡില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
കര്‍ണാടകയില്‍ എച്ച് ആര്‍ അല്‍ഗുല്‍ ബിജാപൂര്‍ പട്ടികജാതി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ആനന്ദ് സ്വാമി ഗദ്ദദേവരായ മത് ഹാവേരിയില്‍ നിന്നും ഗീത ശിവരാജ് കുമാര്‍ ഷിമോഗയില്‍ നിന്നും മത്സരിക്കും. ശ്രേയസ് പട്ടേല്‍ ഹാസനിലും എസ് പി മുദ്ദഹനുമെഗൗഡ തുംകൂറിലും വെങ്കട്ടരാമെ ഗൗഡ മാണ്ഡ്യയില്‍ നിന്നുമാണ് ജനവിധി തേടുന്നത്.
കേരളത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്), കെ സുധാകരന്‍ (കണ്ണൂര്‍), ഷാഫി പറമ്പില്‍ (വടകര), എം കെ രാഘവന്‍ (കോഴിക്കോട്) വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂര്‍), കെ മുരളീധരന്‍ (തൃശൂര്‍), ബെന്നി ബെഹന്നാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്‍റോ ആന്‍റണി (പത്തനംതിട്ട), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍) എന്നിവരാണ് ഇക്കുറിയും കളത്തിലിറങ്ങുന്നത്.
ലക്ഷദ്വീപില്‍ മുഹമ്മദ് ഹംദുള്ള സയീദാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രണ്ട് പട്ടിക വര്‍ഗ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പേരും മേഘാലയയില്‍ നിന്നാണ് ജനവിധി തേടുന്നത്. ഷില്ലോങ്ങില്‍ നിന്ന് വിന്‍സെന്‍റ് എച്ച് പാലയും ടുറയില്‍ നിന്ന് സലേങ് സങ്മയും മത്സരിക്കും.
സുപോഗ് മെറീന്‍ ജാമിര്‍ നാഗാലാന്‍ഡ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സിക്കിമില്‍ നിന്ന് ഗോപാല്‍ ഛേത്രിയാണ് മത്സരിക്കുന്നത്. തങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകഴിഞ്ഞതായി കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഒരു വശത്ത് ഭാരത് ജോഡോ ന്യായ് യാത്രയുമായി മുന്നേറുന്നു. യാത്ര ഇപ്പോള്‍ ഗുജറാത്തിലെത്തിയിരിക്കുന്നു. ഈ മാസം പതിനേഴിന് മുംബൈയില്‍ കൂറ്റന്‍ റാലിയോടെ യാത്രയ്ക്ക് സമാപനമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ ഇന്ത്യാസഖ്യ നേതാക്കളെയും റാലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Also Read: തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസിലേക്ക്