ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. വമ്പൻ പ്രഖ്യാപനങ്ങളുമായി 'ന്യായ് പത്ര' എന്ന പേരിൽ കോൺഗ്രസ് തങ്ങളുടെ പ്രകടന പത്രിക അവതരിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ എഐസിസി ആസ്ഥാനത്ത് വച്ചാണ് പത്രിക പ്രകാശനം ചെയ്‌തത്.
പട്ടികജാതി-പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെ സംവരണപരിധി 50 ശതമാനമാക്കും, കേന്ദ്രസർക്കാരിന്‍റെ 30 ലക്ഷം ഒഴിവുകൾ നികത്തും, എല്ലാ ജാതികളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം അനുവദിക്കും, ആരോഗ്യ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വരെ പണരഹിത ഇൻഷുറൻസ്, താങ്ങുവിലയ്‌ക്ക് നിയമപരിരക്ഷ, 25 വയസിന് താഴെയുള്ള എല്ലാ ഡിപ്ലോമ ബിരുദധാരികൾക്കും ഒരു വർഷത്തെ അപ്രൻ്റീസ്ഷിപ്പ് തുടങ്ങിയവയാണ് പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നത്. അധികാരത്തിൽ വന്നാൽ രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു.
ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കാൻ ശ്രമിക്കുന്നവരും സംരക്ഷിക്കുന്നവരും തമ്മിലുള്ളതാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനേക്കാൾ ശക്തിയേറിയ മത്സരമാണിതെന്നും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസമുള്ളതായും അദ്ദേഹം വ്യക്തമാക്കി.