ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. വെള്ളിയാഴ്‌ച (ജൂണ്‍ 21) മുഴുവന്‍ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും നിയമസഭ കക്ഷിനേതാക്കള്‍ക്കും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും മറ്റ് ഉന്നത നേതാക്കള്‍ക്കും കോണ്‍ഗ്രസ് കത്തയച്ചു.
പരീക്ഷയെ സംബന്ധിച്ചുള്ള പരാതികളില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഈ മാസം 4നാണ് നീറ്റിന്‍റെ പരീക്ഷ ഫലം പുറത്ത് വന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, കുട്ടികള്‍ക്ക് അധികമാര്‍ക്ക് നല്‍കല്‍ തുടങ്ങി നിരവധി ക്രമക്കേടുകള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നത് വെളിപ്പെടുത്താത്തതും ദുരൂഹമാണ്.
പരീക്ഷ നടത്തിപ്പില്‍ സാങ്കേതികമായ വീഴ്‌ചകളും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. ബിഹാര്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അറസ്റ്റുകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രീകൃത തട്ടിപ്പ് നടന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വീഴ്‌ചകളോട് യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളിലൂടെ ധാരാളം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായിരിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ നിയമം കൊണ്ടുവരുമെന്ന ഉറപ്പും കോണ്‍ഗ്രസ് നല്‍കുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും എന്‍ഡിഎ സര്‍ക്കാരിന്‍റെ നിശബ്‌ദതയുമാണ് ഇത്തരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നല്‍കും. കഠിനാധ്വാനം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് നേരിട്ട വലിയ തിരിച്ചടിയാണിത്.
മെയ് 5നാണ് നീറ്റ് പരീക്ഷ നടന്നത്. രാജ്യമെമ്പാടുമുള്ള 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷം പേര്‍ പരീക്ഷയെഴുതി. ഈ മാസം 14ന് വരുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഫലം ഈ മാസം 4ന് തന്നെ പ്രസിദ്ധീകരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തന്നെ ആയിരുന്നു നീറ്റ് ഫലവും പ്രഖ്യാപിച്ചത്.
67 കുട്ടികള്‍ക്കാണ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. പ്രവേശന പരീക്ഷയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇതില്‍ 6 പേര്‍ ഹരിയാനയിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതിയവരാണ്. എംബിബിഎസ്, ബിഡിഎസ്, ആയൂഷ് തുടങ്ങിയ കോഴ്‌സുകളിലേക്ക് എന്‍ടിഎ ആണ് പ്രവേശന പരീക്ഷ നടത്തുന്നത്.
Also Read: 'നീറ്റ് പരീക്ഷ ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം, കേന്ദ്രം ഇടപെടാത്തത് ആശ്ചര്യജനകം': മുഖ്യമന്ത്രി