ന്യൂഡൽഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും മുൻ ജഡ്‌ജിമാരും മുന്നോട്ട് വച്ച പൊതു സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്നാണ് ജയറാം രമേശിന്‍റെ പരിഹാസം.
'പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചിട്ട് ഒരു ദിവസം പിന്നിടുന്നു. 56 ഇഞ്ച് നെഞ്ച് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം സംഭരിച്ചിട്ടില്ല.'- ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
ശനിയാഴ്‌ചയാണ് പ്രധാനമന്ത്രി മോദിയുമായുള്ള പൊതു സംവാദത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചതായി അറിയിച്ചത്. മുൻ ജഡ്‌ജിമാരായ മദൻ ബി ലോകൂർ, അജിത് പി ഷാ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പൊതു സംവാദത്തിന് ക്ഷണിച്ചുകൊണ്ട് കത്തെഴുതിയത്. സുപ്രീം കോടതിയിലെ മുൻ ജഡ്‌ജിയാണ് മദൻ ബി ലോകൂർ. എപി ഷാ ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ്. ദി ഹിന്ദുവിന്‍റെ മുൻ എഡിറ്റർ ഇൻ ചീഫാണ് എൻ റാം.
നേതാക്കള്‍ തമ്മിലുള്ള ഒരു പൊതു സംവാദം പൊതുജനങ്ങളെ ബോധവത്‌കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊർജസ്വലവുമായ ജനാധിപത്യത്തെ ഉയർത്തിക്കാട്ടുക കൂടി ചെയ്യുമെന്ന് ഇവര്‍ അയച്ച കത്തിൽ പറഞ്ഞു.