ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ധര്‍മ്മ പുരി ശ്രീനിവാസ് (76) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് (ജൂണ്‍ 29) പുലര്‍ച്ചെ മൂന്ന് മണിയോടെ സിറ്റി ന്യൂറോ ആശുപത്രിയിലായിരുന്നു അന്ത്യം.
മന്ത്രി, എംപി, തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് ആണ്‍ മക്കളാണുള്ളത്. ഇളയമകന്‍ ധര്‍മ്മപുരി അരവിന്ദ് നിലവില്‍ നിസാമാബാദില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമാണ്. മൂത്തമകന്‍ സഞ്ജയ് നേരത്തെ നിസാമാബാദ് മേയര്‍ ആയിരുന്നു.
ആശുപത്രിയില്‍ നിന്ന് മൃതദേഹം ബെഞ്ചാര ഹില്‍സിലുള്ള വസതിയില്‍ എത്തിച്ചു. രണ്ട് മണിയോടെ പൊതു ദര്‍ശനത്തിനായി മൃതദേഹം നിസാമാബാദിലേക്ക് കൊണ്ടുപോകും.
അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി: ശ്രീനിവാസിന്‍റെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. ആന്ധ്രയില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തുന്നതില്‍ ശക്തമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവുവും അനുശോചനം രേഖപ്പെടുത്തി.
ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക, കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി, ഗതാഗത വകുപ്പ് മന്ത്രി പൂനം പ്രഭാകര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. പിസിസി അധ്യക്ഷനും മന്ത്രിമായിരുന്ന കാലത്തെ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ പൂനം അനുസ്‌മരിച്ചു. അദ്ദേഹവുമൊത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്‍റെ ഓര്‍മ്മകളും പങ്കുവച്ചു.
കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷമ ഘട്ടത്തില്‍ സര്‍വശക്തന്‍ കുടുംബത്തിന് കൂടുതല്‍ കരുത്ത് നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി ഹനുമന്ത റാവു, തെലങ്കാന പഞ്ചായത്ത് രാജ് മന്ത്രി അനസൂയ സീതാക്ക എന്നിവരും ദുഃഖം രേഖപ്പെടുത്തി. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നല്‍കട്ടെയെന്നും അവര്‍ പറഞ്ഞു.
മകനും എംപിയുമായ അരവിന്ദ് വൈകാരികമായ കുറിപ്പാണ് തന്‍റെ പിതാവിന്‍റെ വിയോഗത്തില്‍ എക്‌സില്‍ പങ്കുവച്ചത്. 'തന്‍റെ പിതാവും ഗുരുവും എല്ലാമെല്ലാമായിരുന്നു. എല്ലാ ദുര്‍ഘട ഘട്ടത്തിലും സഹായിക്കാനാകുന്ന ആളായിരുന്നു. മറ്റുള്ളവരെ ആവശ്യമില്ലാത്ത കാര്യത്തില്‍ ഭയക്കരുതെന്നും അവരുമായി വഴക്കിടരുതെന്നും തന്നെ പഠിപ്പിച്ച ആളാണ്. ജനങ്ങളെ സ്നേഹിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹം തന്നെ പഠിപ്പിച്ചു. അങ്ങ് എപ്പോഴും എന്‍റെയുള്ളിലുണ്ടാകുമെന്നും' അരവിന്ദ് കുറിച്ചു.
സംസ്‌കാരം നാളെ: ധര്‍മ്മ പുരി ശ്രീനിവാസിന്‍റെ മൃതദേഹം നാളെ (ജൂണ്‍ 30) സംസ്‌കരിക്കും. രാവിലെ നിസാമാബാദിലാണ് ചടങ്ങുകള്‍ നടക്കുക.