ന്യൂഡല്‍ഹി : വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 21 പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു.
അരവിന്ദ് കെജ്‌രിവാളിന്‍റെ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് സന്ദീപ് ദീക്ഷിതിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങുന്നത്. എഎപി കണ്‍വീനറും മുൻ ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാള്‍ വരുന്ന തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
സുപ്രധാന മണ്ഡലങ്ങളിലേക്കെല്ലാം പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷൻ ദേവേന്ദർ യാദവ് ബാദ്‌ലി മണ്ഡലത്തിലാണ് മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ ആദർശ് ശാസ്ത്രിക്ക് ദ്വാരക സീറ്റും പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഹാറൂൺ യൂസഫ് ബല്ലിമാരനിൽ നിന്നും ജനവിധി തേടും. ഡൽഹി ഘടകത്തിൻ്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ചെയർമാനായ അനിൽ ഭരദ്വാജിന് സദർ ബസാർ സീറ്റാണ് നല്‍കിയിരിക്കുന്നത്. കോൺഗ്രസ് വക്താവ് രാഗിണി നായക് വസീർപൂരിൽ മത്സരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ എഎപി നേതാവ് അബ്‌ദുൾ റഹ്മാനാണ് പട്ടികയിലെ മറ്റൊരു പ്രധാനി. സീലംപൂരിൽ തന്നെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. നേരത്തെ, ഈ മണ്ഡലത്തിലെ എംഎല്‍എ ആയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
അരുണ കുമാരി (നരേല), മങ്കേഷ് ത്യാഗി (ബുരാരി), ശിവങ്ക് സിംഗാൽ (ആദർശ് നഗർ), ജയ് കിഷൻ (സുൽത്താൻപൂർ മജ്‌റ), രോഹിത് ചൗധരി (നംഗ്ലോയ് ജാട്ട്), പ്രവീൺ ജെയിൻ (ഷാലിമാർ ബാഗ്), മുദിത് അഗർവാൾ (ചാന്ദ്‌നി ചൗക്ക്), പി.എസ്. ബാവ (തിലക് നഗർ), അഭിഷേക് ദത്ത് (കസ്‌തൂർബാ നഗർ), രജീന്ദർ തൻവർ (ഛത്തർപൂർ), ജയ് പ്രകാശ് (അംബേദ്‌കർ നഗർ), ഗർവിത് സിംഗ്വി (ഗ്രേറ്റർ കൈലാഷ്), അനിൽ കുമാർ (പത്പർഗഞ്ച്), അലി മഹ്ന്ദി (മുസ്‌തഫാബാദ്) എന്നിവരാണ് സ്ഥാനാര്‍ഥിപട്ടികയിലുള്ള മറ്റുള്ളവര്‍.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിന് തയ്യാറല്ലെന്ന് എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും ഇന്ത്യ മുന്നണിക്കായി ഒരുമിച്ചായിരുന്നു ഡല്‍ഹിയില്‍ മത്സരിച്ചത്.
2025 ഫെബ്രുവരിക്ക് മുന്‍പായിരിക്കും ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ ഡല്‍ഹി നിയമസഭയിലെ 62 സീറ്റിലും എഎപി പ്രതിനിധികളാണ്.
Also Read : ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ 'കൈവിട്ട്' ആംആദ്‌മി; വമ്പൻ പ്രഖ്യാപനവുമായി കെജ്‌രിവാള്‍