ന്യൂഡൽഹി : സമ്പത്ത് പുനർവിതരണവുമായി ബന്ധപ്പെട്ട മുതിർന്ന നേതാവ് സാം പിത്രോദയുടെ പരാമർശത്തെ തള്ളി കോണ്‍ഗ്രസ്. പിത്രോദ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ ഇടിവി ഭാരതിനോട്. പാർട്ടിയുടെ നയം അതല്ലെന്നും ബിഹാറിലെ കതിഹാർ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായ താരിഖ് അൻവർ വ്യക്തമാക്കി.
ഇന്ത്യയിൽ യുഎസ് മാതൃകയിലുള്ള അനന്തരാവകാശ നികുതി നിയമം കൊണ്ടുവരണമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പിത്രോദ പറഞ്ഞത്. അമേരിക്കയിലെ അനന്തരാവകാശ നികുതി പ്രകാരം ഒരാൾക്ക് 100 മില്യൺ ഡോളർ മൂല്യമുള്ള സമ്പത്തുണ്ടെങ്കിൽ അയാളുടെ മരണശേഷം 45 ശതമാനം സ്വത്താണ് മക്കൾക്ക് കൈമാറാൻ കഴിയുക. ബാക്കി 55 ശതമാനം സർക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്യുക.
ഇന്ത്യയിൽ ഇത്തരമൊരു നിയമം ഇല്ലെന്നും 10 ബില്യൺ മൂല്യമുള്ള ഒരാൾ മരിച്ചാൽ 10 ബില്യണും മക്കൾക്ക് ലഭിക്കുകയാണ് ചെയ്യുക എന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം. ഇത്തരം വിഷയങ്ങളാണ് ആളുകൾ ചർച്ച ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിത്രോദയുടെ വാക്കുകള്‍ ലോക്‌സഭ തെഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണായുധമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. 'പിത്രോദ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളായിരിക്കാം. അത് പാർട്ടിയുടെ കാഴ്‌ചപ്പാടല്ല. ഞങ്ങൾ സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ പ്രകടന പത്രികയിൽ അതിനായി 25 ഉറപ്പുകൾ നൽകിയിട്ടുണ്ട്.'- താരിഖ് അൻവർ ഇടിവി ഭാരതിനോട് പറഞ്ഞു.
കോൺഗ്രസ് ജനങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് ദരിദ്രർക്ക് നൽകുമെന്ന് പറഞ്ഞ് തങ്ങളുടെ പ്രകടന പത്രികയെ അപകീർത്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മോദി സർക്കാരിന്‍റെ നയങ്ങൾ രാജ്യത്ത് സമ്പന്നർക്കും ദരിദ്രർക്കും ഇടയിൽ വലിയ വിടവ് സൃഷ്ടിച്ചുവെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുമ്പോള്‍ സമ്പന്നർ കൂടുതൽ സമ്പന്നരായി മാറുന്നു. അതിനാൽ, സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെ ഈ സാമ്പത്തിക അസമത്വം പരിഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കും.
സർക്കാർ സമ്പാദിക്കുന്ന വരുമാനം കൂടുതൽ ന്യായമായ പുനർവിതരണത്തിനായി പാർട്ടി വിനിയോഗിക്കും. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും സമ്പത്ത് പാര്‍ട്ടി കവർന്നെടുക്കില്ല. ബിജെപി നമുക്കെതിരെ നടത്തുന്ന തെറ്റായ പ്രചാരണമാണത്.
ഇന്ന് രാജ്യത്തെ സമ്പത്തിന്‍റെ 40 ശതമാനവും കുറച്ച് സമ്പന്നരുടെ മാത്രം പക്കലാണ്. ബാക്കിയുള്ള 60 ശതമാനം സമ്പത്താണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സമ്പത്തിന്‍റെ വിതരണത്തിൽ സന്തുലിതാവസ്ഥ ഉണ്ടാകണം'- അൻവർ വ്യക്തമാക്കി.
വൻകിട കോർപ്പറേറ്റുകളുടെ 16 ലക്ഷം കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളിയ കേന്ദ്ര സർക്കാരിന് ആ പണം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രകടന പത്രിക ജനങ്ങൾക്കിടയിൽ ചെലുത്തുന്ന സ്വാധീനത്തില്‍ ബിജെപി ആശങ്കാകുലരാണെന്നും അതുകൊണ്ടാണ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ ഹെഡ് സുപ്രിയ ശ്രീനേറ്റും പ്രതികരിച്ചു.