വയനാട് : വയനാട് ലോക്‌സഭ യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ അതീവ ജാഗ്രത പുലർത്തി യുഡിഎഫ് നേതാക്കളും പ്രവർത്തകരും. റോഡ് ഷോ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി രണ്ടു ദിവസം മുൻപ് കോൺഗ്രസും മുസ്‌ലിം ലീഗും രണ്ടായി യോഗം ചേർന്നു. യോഗത്തിൽ ഇരു പാർട്ടികളുടെയും പതാകകൾ ഒഴിവാക്കണമെന്ന് പാർട്ടി നേതാക്കൾ തങ്ങളുടെ അണികൾക്ക് നിർദേശം നൽകിയിരുന്നു.
ഇത്തവണ റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി വയനാട് ജില്ല ആസ്ഥാനമായ കൽപ്പറ്റയിലേക്ക് ഏഴ് നിയമസഭ മണ്ഡലങ്ങളിലെ കോൺഗ്രസ്, ഐയുഎംഎൽ പ്രവർത്തകരാണ് ഒഴുകിയെത്തിയത്. റോഡ് ഷോയിലുടനീളം രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകളും കൈപ്പത്തി ചിഹ്നവും മാത്രമാണുണ്ടായിരുന്നത്.
കഴിഞ്ഞ തവണ ഐയുഎംഎൽ പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരിക്കാനെത്തിയത്. അന്ന് മുസ്‌ലിം ലീഗിന്‍റെ പതാകയുമായി റോഡ് ഷോയിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. റോഡ് ഷോയിലുടനീളം മുസ്‌ലിം ലീഗിന്‍റെ പതാക ഉപയോഗിച്ചതിനെ തുടർന്ന് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വലിയ വിമർശനമാണ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ഉന്നയിച്ചത്.
ഇത് ഇന്ത്യയിലാണോ പാകിസ്ഥാനാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. രാഹുൽ ബാബ മത്സരിക്കുന്നത് അത്തരമൊരു സീറ്റിൽ നിന്നാണെന്നുമായിരുന്നു അദ്ദേഹം നടത്തിയ വിവാദ പ്രസ്‌താവന. ഇത് ഉത്തരേന്ത്യയിലുടനീളം പ്രചാരണ വിഷയമാക്കാനും അമിത് ഷാ മറന്നില്ല.
അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ ഇരു പാർട്ടികളുടെയും പതാകകൾ ഒഴിവാക്കണമെന്ന തീരുമാനത്തിൽ നേതാക്കൾ എത്തിയത്. എന്നാൽ മുസ്‌ലിം ലീഗ് നേതാക്കളും എംഎൽഎമാരും രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ഉടനീളം അനുഗമിച്ചു.
അതേസമയം വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ ഗാന്ധി. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു.
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവാണ് ഇന്നത്തേത്. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ, വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധിയെ ആരവത്തോടെയും ആവേശത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
കല്‍പ്പറ്റ പുതിയ ബസ്‌സ്റ്റാന്‍റില്‍ നിന്നും തുറന്ന വാഹനത്തില്‍ രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആയിരങ്ങള്‍ അദ്ദേഹത്തിന് മുന്നിലും പിന്നിലുമായി ഒഴുകി നീങ്ങി. രാഹുലിനൊപ്പം സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, കനയ്യകുമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ അഡ്വ ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍, ഐ സി ബാലകൃഷ്‌ണന്‍, പി കെ ബഷീര്‍, മോന്‍സ് ജോസഫ് ഉള്‍പ്പെടെ നിരവധി ദേശീയ, സംസ്ഥാന നേതാക്കള്‍ റോഡ്‌ഷോയില്‍ അണിനിരന്നു.
Also Read: റോഡ് ഷോയുമായി വയനാട്ടിൽ ഇറങ്ങി രാഹുൽ ; കരുതലോടെ ലീഗ്, പ്രകടനത്തില്‍ ത്രിവർണ പതാക മാത്രം