ബെംഗളൂരു : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കർണാടകയിലെ 17 സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്. കോൺഗ്രസ് ഹൈക്കമാൻഡ് മന്ത്രിമാരുടെ മക്കളെയാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ നോമിനേറ്റ് ചെയ്‌തിരിക്കുന്നത്. മല്ലികാർജുന്‍ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ഓഫീസിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമായത്.
ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബാംഗ്ലൂർ സൗത്ത്), പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ ശിശു വികസന മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ (ബെൽഗാം), കാർഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീലിന്‍റെ മകൾ സംയുക്ത (ബി. ഗൾകോട്ട) ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദാർ) എന്നിവര്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
കര്‍ണാടകയില്‍ സ്ഥാനാര്‍ഥിത്വത്തിനായി കടുത്ത മത്സരം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് 17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. 28 ലോക്‌സഭ സീറ്റുകളുള്ള കര്‍ണാടകയില്‍ ഇനി 4 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടെ പ്രഖ്യാപിക്കാനുണ്ട്.
ആദ്യ പട്ടികയിൽ സംസ്ഥാനത്ത് നിന്നുള്ള ഏഴ് സ്ഥാനാർത്ഥികളുടെ പേരുകളാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. രണ്ടാം പട്ടികയിൽ, പ്രതീക്ഷിച്ചത് പോലെ സിറ്റിങ്ങ് മന്ത്രിമാരെ ലോക്‌സഭാ രംഗത്തേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നില്ല. പകരം മക്കളെയാണ് ലോക്‌സഭയിലേക്ക് ഇറക്കിയിരിക്കുന്നത്.