വയനാട് : കോൺഗ്രസ് നേതാവും നിലവിലെ വയനാട് എംപിയുമായ രാഹുൽ ഗാന്ധി ബുധനാഴ്‌ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്വത്തുവിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. 20 കോടിയിലധികം രൂപയുടെ സ്വത്ത് രാഹുലിനുണ്ടെന്നാണ് കാണിക്കുന്നത്.
ബുധനാഴ്‌ച റിട്ടേണിങ് ഓഫിസർക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി തനിക്ക് 9 കോടിയിലധികം (9,24,59,264 രൂപ) ജംഗമ ആസ്‌തികളും 11 കോടിയിലധികം (11,15,02,598 രൂപ) സ്ഥാവര സ്വത്തുക്കളും ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ അദ്ദേഹത്തിന്‍റെ വരുമാനം 1,02,78,680 രൂപയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഭൂമിയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. റോയൽറ്റി, വാടക, പലിശ, ബോണ്ടുകൾ, ലാഭവിഹിതം, മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള നേട്ടം, മറ്റ് വരുമാനം എന്നിവയിൽ നിന്നുള്ളതും എംപി ശമ്പളവുമാണ് അദ്ദേഹത്തിന്‍റെ വരുമാന മാർഗമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വയനാട് കൽപ്പറ്റയിൽ റോഡ് ഷോ നത്തിയ ശേഷമായിരുനിനു രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും അതേ ദിവസം തന്നെയാണ് പത്രിക സമർപ്പിച്ചത്.
ഏപ്രിൽ 26 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും. വയനാടിന്‍റെ പ്രശ്‌നങ്ങൾ രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ താൻ എപ്പോഴും തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.