ന്യൂഡൽഹി: നീറ്റ് - നെറ്റ് മത്സര പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നത് സംബന്ധിച്ചതില്‍ ഉള്‍പ്പടെ നിയമം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്‍റെ മുഖം രക്ഷിക്കാനെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. നീറ്റ്-യുജി, യുജിസി-നെറ്റ് പരീക്ഷകൾ ഉൾപ്പെടെ നിരവധി അഴിമതികൾ നടന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌ത 2024-ലെ പൊതു പരീക്ഷ നിയമത്തില്‍ പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
ഈ നിയമം ആവശ്യമായിരുന്നെന്നും എന്നാൽ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംഭവിച്ചതിന് ശേഷമാണ് ഇതു കൊണ്ടുവരുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി, കൂടാതെ യുജിസി-നെറ്റ് എന്നിവയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും രാജ്യത്തുടനീളം പ്രതിഷേധം നടത്തിയിരുന്നു.
വിഷയത്തിൽ രൂക്ഷമായ തർക്കങ്ങൾക്കിടയിൽ, മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാൻ ലക്ഷ്യമിട്ടുള്ള പൊതു പരീക്ഷ നിയമം 2024, വെള്ളിയാഴ്‌ചയാണ് കേന്ദ്രം വിജ്ഞാപനം ചെയ്‌തത്. കുറ്റവാളികൾക്ക് പരമാവധി 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. നിയമങ്ങൾ, സംവിധാനങ്ങൾ, പ്രക്രിയകൾ എന്നിവയുടെ ചോർച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കാണ് കൂടുതൽ പ്രധാന്യം നല്‍കേണ്ടതെന്ന് ജയറാം രമേശ് പ്രതികരിച്ചു.
ALSO READ: 'എൻടിഎ നിരോധിക്കണം, വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം'; ആവശ്യവുമായി എൻഎസ്‌യുഐ