കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയില്‍ ചതുപ്പുനിലത്തിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വെള്ളിയാഴ്‌ച പരാതി നല്‍കിയതാണെന്നും എന്നാല്‍ പൊലീസ് ഉടൻ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തുള്ള മഹിസ്‌മാരി പൊലീസ് ഔട്ട്‌പോസ്റ്റ് കത്തിക്കുകയും പൊലീസുകാരെ കല്ലെറിയുകയും ചെയ്‌തു. ഔട്ട്‌പോസ്റ്റിന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങളും നാട്ടുകാര്‍ നശിപ്പിച്ചു. സ്ഥലത്തെത്തിയ എസ്‌ഡിപിഒയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും തടഞ്ഞ് നിർത്താൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വൻ പൊലീസ് സേനയെയാണ് പ്രദേശത്തേക്ക് വിന്യസിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിത ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് പ്രതികരിച്ച അതേ രീതിയിലാണ് ഇവിടെയും അവര്‍ സ്വീകരിച്ചതെന്ന് ഒരു ഗ്രാമവാസി പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഈ കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ ഞങ്ങൾ പ്രക്ഷോഭം തുടരുമെന്നും നാട്ടുകാര്‍ പറയുന്നു. പരാതിയിൽ നടപടി വൈകിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, പരാതി ലഭിച്ചയുടൻ നടപടിയെടുത്തെന്നും പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. 'വെള്ളിയാഴ്‌ച രാത്രി 9 മണിക്ക് എഫ്ഐആർ ഫയൽ ചെയ്‌ത ശേഷം പൊലീസ് നടപടിയെടുക്കുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അന്വേഷണം തുടരുകയാണ്. ഞങ്ങൾ മരിച്ച കുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ട്.'-പൊലീസ് പറഞ്ഞു. പൊലീസ് ഔട്ട്‌പോസ്റ്റ് തീയിട്ട് സുപ്രധാന രേഖകള്‍ നശിപ്പിച്ചവരെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസിന്‍റെ നിഷ്‌ക്രിയത്വം ന്യായീകരിക്കാന്‍ എത്തിയതാണ് എന്നാരോപിച്ച് കുൽത്തലി ടിഎംസി എംഎൽഎ ഗണേഷ് മൊണ്ടലിനെയും നാട്ടുകാര്‍ ചേര്‍ന്ന് മടക്കി അയച്ചു. പ്രദേശത്തെ ജനങ്ങളുടെ ആവലാതികളും രോഷവും തനിക്ക് മനസിലാകുമെന്നും എന്നാൽ അവർ നിയമം കൈയിലെടുക്കരുതെന്നും മൊണ്ടൽ പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയും വെസ്റ്റ് ബംഗാള്‍ ബിജെപി പ്രസിഡന്‍റുമായ സുകന്ത മജുംദാര്‍ രംഗത്ത് വന്നു. സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടെന്ന് സുകന്ത എക്‌സിൽ കുറിച്ചു.
Also Read: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തടക്കം മൂന്ന് പേര്‍ പിടിയില്‍