ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് ആം ആദ്‌മി പാർട്ടിയുടെ ലീഗൽ സെൽ ആഹ്വാനം ചെയ്‌ത പ്രതിഷേധത്തിനെതിരെ ഡൽഹി ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്‌റ്റിസിന് പരാതി നൽകി. ബുധനാഴ്‌ച (27-03-2024) ഡൽഹിയിലെ എല്ലാ കോടതികളിലും ലീഗൽ സെൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ആം ആദ്‌മി പാർട്ടിയുടെ (എഎപി) ലീഗൽ സെല്ലും രാഷ്‌ട്രീയ പ്രവർത്തകരും കോടതിയുടെ പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനുള്ള ആഹ്വാനം ഉടൻ പിന്‍വലിക്കണമെന്നും ബാർ കൗൺസിലിനോട് ഉചിതമായ നിർദേശം നല്‍കണമെന്നും പരാതിക്കാരനും അഭിഭാഷകനുമായ വൈഭവ് സിങ് ആവശ്യപ്പെടുന്നു. കോടതി വളപ്പിനുള്ളിൽ നിയമവിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്യുന്ന അഭിഭാഷകർക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും എതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ എല്ലാ ജില്ല കോടതികളിലെയും ഹൈക്കോടതികളിലെയും ബാർ അസോസിയേഷനുകളോട് നിർദേശിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
"ഡൽഹിയിലെ കോടതി വളപ്പിൽ നിയമവിരുദ്ധമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത ആം ആദ്‌മി പാർട്ടിയുടെ ലീഗൽ സെല്ലിന് ഉചിതമായ പിഴ ചുമത്തുക," എന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും ഡൽഹി ബാർ കൗൺസിൽ വൈസ് ചെയർമാൻ കൂടിയായ എഎപി ലീഗൽ സെല്ലിൻ്റെ സഞ്ജീവ് നസിയാർ (അഡ്വക്കേറ്റ്) മാർച്ച് 26ന് എക്‌സില്‍ കുറിച്ചിരുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്‌റ്റ് കേന്ദ്രസർക്കാരിൻ്റെ ഇംഗിതപ്രകാരമാണെന്നും പറയുന്നുണ്ട്.
ഡൽഹി ഹൈക്കോടതി, പട്യാല ഹൗസ് കോടതി, ദ്വാരക കോടതി, സാകേത് കോടതി, കർകർദൂന കോടതി, തിഷാസാരി കോടതി, റോസ് അവന്യൂ കോടതി തുടങ്ങി ഡൽഹിയിലെ എല്ലാ കോടതികളിലും ആം ആദ്‌മി പാർട്ടി (എഎപി) ലീഗൽ സെൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തു.