ബെംഗളൂരു (കർണാടക): ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സോഷ്യൽ മീഡിയ ഇൻചാർജ് അമിത് മാളവ്യ, സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര എന്നിവർക്കെതിരെ കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യാതിരിക്കാൻ പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട അംഗങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ സോഷ്യൽ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിനെതിരെയാണ് പരാതി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആനിമേറ്റഡ് വീഡിയോകൾ ഉപയോഗിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പാര്‍ട്ടി പരാതി നല്‍കി. കൂടാതെ കോൺഗ്രസ് പാർട്ടി ഒരു പ്രത്യേക മതത്തെ (മുസ്ലിം) അനുകൂലിക്കുന്നതായി ചിത്രീകരിക്കുകയും എസ്‌സി/എസ്‌ടി, ഒബിസി വിഭാഗങ്ങളിലെ അംഗങ്ങളെ അടിച്ചമർത്തുന്നതായും എസ്‌സി/എസ്‌ടി സമുദായത്തിലെ അംഗങ്ങൾക്കെതിരെ ശത്രുത, വിദ്വേഷം, വിരോധം എന്നിവ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും പാർട്ടി ബെംഗളൂരുവിലെ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലില്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തത് കോൺഗ്രസ് പാർട്ടി മുസ്‌ലിം സമുദായത്തിന് അനുകൂലമാണെന്ന് കാണിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് തേടുക എന്ന ഉദ്ദേശത്തോടെയാണെന്ന് കോൺഗ്രസ് പരാതിയിൽ പറയുന്നു. ബിജെപി അപ്‌ലോഡ് ചെയ്‌ത വീഡിയോയ്ക്ക് സംസ്ഥാനതല മീഡിയ മോണിറ്ററിംഗ് കമ്മിറ്റി എങ്ങനെയാണ് അംഗീകാരം നൽകിയതെന്ന് മനസിലാക്കാൻ കഴിയില്ലെന്നും സർട്ടിഫിക്കേഷൻ ലഭിക്കാത്ത സാഹചര്യത്തിൽ ആനിമേറ്റഡ് ചിത്രം/വീഡിയോ ഉപയോഗിച്ചതിന് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും പരാതിയിൽ ചോദ്യം ഉന്നയിക്കുന്നു.
സൂക്ഷിക്കുക എന്ന അടിക്കുറിപ്പോടെയാണ് ആനിമേറ്റഡ് വീഡിയോ പോസ്‌റ്റ് ചെയ്‌തത്. അതില്‍ എസ്‌സി, എസ്‌ടി, ഒബിസി എന്ന് അടയാളപ്പെടുത്തിയ മൂന്ന് മുട്ടകൾക്കൊപ്പം മുസ്‌ലിങ്ങള്‍ എന്ന് എഴുതിയ മുട്ട ഒരു കൂടിൽ വയ്ക്കുന്ന രാഹുൽ ഗാന്ധിയുടെയും സിദ്ധരാമയ്യയുടെയും കാരിക്കേച്ചറുകൾ വീഡിയോയിലുണ്ട്. മുസ്‌ലിം എന്നെഴുതിയ മുട്ടയിൽ നിന്ന് വിരിഞ്ഞ പക്ഷിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ട് നൽകുന്നതിന്‍റെ കാരിക്കേച്ചർ വീഡിയോയാണ് ബിജെപി പ്രചരിപ്പിച്ചത്.
Also Read: ദുഃഖകരം, ലജ്ജാകരവും; പൂഞ്ചിലെ ഭീകരാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും