സോളന്‍ (ഹിമാചല്‍ പ്രദേശ്): തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലിന്‍റെ മഹത്വവും ഓര്‍മപ്പെടുത്തുന്ന സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ ഹിമാചലിലെ ഒരു കമ്പനിയില്‍ നിന്ന് 80 പേര്‍ക്ക് ജോലി നഷ്‌ടമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ജോലി പോയതിന്‍റെ പിന്നിലെ കാരണമാണ് അതിനെക്കാള്‍ വിചിത്രം. തൊഴിലാളികള്‍ താടിയും മീശയും വച്ചു എന്ന കാരണത്തിലാണ് 80 പേരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
അതി വിചിത്രമായ ഈ സംഭവം നടന്നത് സോളന്‍ ജില്ലയിലെ വ്യവസായ മേഖലയായ പര്‍വാനോയിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ്. അതേസമയം താടിയും മീശയും ഒഴിവാക്കിയിട്ടും കമ്പനി തങ്ങളെ ജോലിയില്‍ തിരിച്ചെടുത്തില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജോലിയ്‌ക്കെത്തിയ തൊഴിലാളികളെ കമ്പനിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്‍റ് അനുവദിച്ചിരുന്നില്ല. താടിയും മീശയും ഒഴിവാക്കിയാല്‍ മാത്രമേ കമ്പനിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് മാനേജ്‌മെന്‍റ് നിബന്ധന വച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
തുടക്കത്തില്‍ തൊഴിലാളികളുമായി സഹകരിക്കാന്‍ വിമുഖത കാണിച്ച കമ്പനി അധികൃതര്‍, തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെ സംസാരിക്കാന്‍ തയാറാകുകയായിരുന്നു. പിന്നാലെ താടിയും മീശയും ഒഴിവാക്കി വരാന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് കമ്പനിയുടെ വ്യവസ്ഥ അംഗീകരിച്ചു.
എന്നാല്‍ താടിയും മീശയും വെട്ടി വന്നിട്ടും തൊഴിലാളികളെ കമ്പനി ജോലിയില്‍ തിരിച്ചെടുക്കുന്നില്ല എന്നാണ് പരാതി. വിഷയത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം കടുപ്പിക്കുകയും ലേബര്‍ കമ്മിഷന്‍, സോളന്‍ ഡെപ്യൂട്ടി കമ്മിഷണര്‍, മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്‌തു. വിവരം അറിഞ്ഞ പര്‍വാനോ ലേബര്‍ ഇന്‍സ്‌പെക്‌ടര്‍ ലളിത് താക്കൂര്‍ കമ്പനിയിലെത്തി തൊഴിലാളികളുമായും മാനേജ്‌മെന്‍റുമായും സംസാരിച്ചു. തൊഴിലാളികളെ പിരിച്ചുവിട്ടത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട് എന്നും ഡെപ്യൂട്ടി കമ്മിഷണറും അറിയിച്ചു.