ബെംഗളൂരു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എംപിയുടെ അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. വിദേശത്തുണ്ടെന്ന് കരുതുന്ന എംപിയെ തിരികെ എത്തിക്കാന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിക്കുന്നത്. ജര്‍മനിയിലുള്ള എംപിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. എംപിക്കെതിരെയുള്ള വിവാദങ്ങള്‍ കര്‍ണാടകയെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ആശങ്കയിലാക്കുന്നതാണ്. തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ കഴിഞ്ഞ് 27ന് രാജ്യം വിട്ടതാണ്. ഇത് ഏറെ ലജ്ജാകരമാണെന്നും സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു.
അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. പ്രജ്വല്‍ നാളിതുവരെയായി ഒളിവില്‍ തുടരുന്നത് ഗൗരവതരമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ബലാത്സംഗം, ലൈംഗികാതിക്രമം, ഇരകളെ ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ളത്. തങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിയമ നടപടികളോട് ബോധപൂര്‍വം സഹകരിക്കാത്തതും ഗുരുതര നടപടിയെടുക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് താന്‍ നേരത്തെ അയച്ച കത്തില്‍ നടപടിയെടുക്കാത്തത് നിരാശജനകമാണ്. ഇത് ഗൗരവമായി കണ്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു.
Also Read: ലൈംഗികാതിക്രമ കേസ്: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്