കൊല്‍ക്കത്ത : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നോടുമോയെന്ന് സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത്.
രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ അത് കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് എന്തിനാണിത്ര അഹങ്കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് നേരത്തെ വിജയിച്ച ഇടങ്ങളില്‍ പോലും ഇത്തവണ തോല്‍ക്കുമെന്നും കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ വാരണാസിയില്‍ ബിജെപിയെ തോല്‍പ്പിക്കട്ടെയെന്നും മമത പറഞ്ഞു.
300 സീറ്റുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തങ്ങള്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. അതില്‍ 243 സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ അതിനിടെ ബംഗാളിലെ മുസ്‌ലിം വോട്ടുകളായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്നും മമത കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ മുസ്‌ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും സിഖുക്കാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കുമെല്ലാമായാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കെങ്കിലും ബിജെപിയോട് പോരാടാന്‍ കഴിയുമെങ്കില്‍ അത് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നും മമത ബാനര്‍ജി പറഞ്ഞു.
ജോഡോ യാത്രക്കെതിരെയും പ്രതികരണം : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്ത് പര്യടനം നടത്തുന്നത് സംബന്ധിച്ച് യാതൊരു വിവരവും മുഖ്യമന്ത്രി എന്ന നിലയില്‍ തന്നെ അറിയിച്ചിരുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. മാത്രമല്ല ജോഡോ യാത്ര സംസ്ഥാനത്ത് എത്തിയിട്ട് പോലും ഇന്ത്യ സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ല. അനുമതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ ഡെറക് ഒബ്രയനുമായാണ് ബന്ധപ്പെട്ടത്.
കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിയെ മത്സരിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
രാഹുലിന്‍റെ മണിപ്പൂര്‍ സന്ദര്‍ശനത്തെയും വിമര്‍ശിച്ചു : മണിപ്പൂരില്‍ കലാപമുണ്ടായപ്പോള്‍ തനിക്ക് അവിടെ പോകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തന്നെ അവര്‍ അതിന് അനുവദിച്ചില്ല. അവിടേക്ക് താനൊരു പ്രതിനിധി സംഘത്തെ അയച്ചിരുന്നു. മണിപ്പൂരില്‍ 200 പള്ളികളാണ് അക്രമികള്‍ കത്തിച്ചത്. എന്നാലിപ്പോള്‍ വസന്തകാല പറവകള്‍ അവിടെ ഫോട്ടോ ഷൂട്ട് നടത്തുന്നതും കാണാനാകുമെന്നും രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ പ്രചാരണം തുടങ്ങി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ കൃത്യമായ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും തങ്ങളുടേതായ രീതിയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ ധര്‍ണ നടത്തുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.