പുരുലിയ (വെസ്റ്റ് ബംഗാൾ) : ഒന്നാം ക്ലാസുകാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി എട്ടാം ക്ലാസുകാരന്‍. കൊലപാതകം സ്‌കൂളിന് അവധി ലഭിക്കുമെന്ന പ്രതീക്ഷയില്‍. വെസ്റ്റ് ബംഗാളിലെ പുരുലിയ ജില്ലയിലെ മാൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്‌ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി.
ജനുവരി 30 നാണ് വിദ്യാർഥിയുടെ മൃതദേഹം കുളത്തിന്‍റെ തീരത്ത് നിന്ന് പൊലീസ് കണ്ടെടുത്തത്. ഒന്നാം ക്ലാസ് വിദ്യാർഥിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പൊതുവെ മരണത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കാറുണ്ട്. അത്തരത്തില്‍ അവധി ലഭിക്കുന്നതിന് വേണ്ടിയാണ് കുട്ടി, വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്ന് പുരുലിയ ജില്ല പൊലീസ് സൂപ്രണ്ട് അഭിജിത് ബന്ദ്യോപാധ്യായ പറഞ്ഞു.
മൃതദേഹം ലഭിച്ചതിന് ശേഷം ഒന്നാം ക്ലാസ് വിദ്യാർഥിയുടെ പിതാവ് മൻബസാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ തിങ്കളാഴ്‌ച (ഫെബ്രുവരി 5) അറസ്റ്റ് ചെയ്യുകയുമായിരുന്നു.