ന്യൂഡൽഹി: പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) കീഴില്‍ ആദ്യ സെറ്റ് പൗരത്വ സർട്ടിഫിക്കറ്റ് ഇന്ന് (15-05-2024) 14 പേർക്ക് വിതരണം ചെയ്‌തിരിക്കുകയാണ്.
രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയ പൗരത്വ ഭേദഗതി നിയമിത്തിന്‍റെ നാള്‍ വഴികളിതാ...
- ഡിസംബർ 11, 2019: ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്, മതപരമായ കാരണങ്ങളാല്‍ പീഡനം അനുഭവിക്കുന്ന മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയില്‍ പൗരത്വം നൽകുന്നത് ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി ബിൽ (CAB) 2019 പാർലമെന്‍റ് പാസാക്കി.
- ഡിസംബർ 13, 2019: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഔദ്യോഗികമായി പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) അനുമതി നൽകി.
- ഡിസംബർ 2020 - ഫെബ്രുവരി 2020 : 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ രാജ്യത്തുടനീളം സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ അലയടിച്ചു. വടക്കുകിഴക്കൻ ഡൽഹിയില നടന്ന കലാപത്തിലാണ് പ്രതിഷേധം കലാശിച്ചത്.
- 2019 ഡിസംബര്‍- 2020 മാർച്ച്: സിഎഎ പാസാക്കിയതിന് ശേഷം അസം, ഉത്തർപ്രദേശ്, കർണാടക, മേഘാലയ, ഡൽഹി എന്നിവിടങ്ങളിൽ പൊലീസ് വെടിവെപ്പിലും കലാപത്തിലമായി 83 പേർ കൊല്ലപ്പെട്ടു. 2019 ഡിസംബർ 12-ന് ഇന്ത്യ ഗവൺമെന്‍റ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന ശേഷം, ഈ നിയമത്തിനും അനുബന്ധ നിർദേശങ്ങൾക്കുമെതിരെ ദേശ വ്യാപക പ്രതിഷേധം നടന്നു. അസമിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.
- ഷഹീൻ ബാഗിലെ 101 ദിവസ പ്രതിഷേധം: സിഎഎയ്‌ക്കെതിരായ ചെറുത്തുനിൽപ്പിന്‍റെ ഭാഗമായി ഷഹീൻ ബാഗിലെ സ്‌ത്രീകൾ ഡൽഹിയിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഷഹീൻ ബാഗിലെ പ്രധാന റോഡ് തടഞ്ഞാണ് നിരവധി സ്‌ത്രീകൾ അടങ്ങുന്ന സംഘം പ്രതിഷേധിച്ചത്. 2019 ഡിസംബർ 15 ന് ആരംഭിച്ച സമരം 2020 മാർച്ച് 24 വരെ 101 ദിവസം നീണ്ടു.
- 15.12.2019: അലിഗഡ് മുസ്‌ലിം സർവകലാശാലയിലും (എഎംയു) ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലും (ജെഎംഐ) വിദ്യാർഥി-പൊലീസ് സംഘർഷം ഉടലെടുത്തു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
- 15.12.2019: ബിജെപി നേതാവ് കപിൽ മിശ്ര സിഎഎയെ പിന്തുണച്ച് റാലി നടത്തി. 'ഗോലി മാരോ സലോൻ കോ, ദേശ് കെ ഗദ്ദാരോൻ കോ' (ആ ദേശദ്രോഹികളെ വെടിവെച്ചിടൂ) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
- 2020 ജനുവരി 5-ന് ജെഎൻയുവിൽ അക്രമം: ആർഎസ്എസിന്‍റെ വിദ്യാർഥി വിഭാഗത്തിലെ 50 പേരടങ്ങുന്ന മുഖംമൂടി സംഘം കാമ്പസിനുള്ളിൽ കയറി ഫാക്ക്വൽറ്റി അംഗങ്ങളെയും വിദ്യാർഥികളെയും ആക്രമിക്കുകയും 39-ല്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രാജ്യത്തുടനീളമുള്ള സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ ആക്രമണത്തെ അപലപിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു.
- 30.01.2020: ജാമിയ മില്ലിയ ഇസ്‌ലാമിയയ്ക്ക് പുറത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പ്രായപൂർത്തിയാകാത്ത ഒരാൾ വെടിയുതിർക്കുകയും ഒരു വിദ്യാർഥിക്ക് പരിക്കേൽക്കുകയും ചെയ്‌തു.
- ഫെബ്രുവരി 2020: വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം അതിന്‍റെ കൊടുമുടിയിലെത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസും വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടലുണ്ടായി.
- 23.02.2020: ഡൽഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നു. ഇതിന്‍റെ ഫലമായി 53ല്‍ അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തു. ഇവരില്‍ പ്രധാനമായും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നു.
- ഫെബ്രുവരി 2020: ഡൽഹി തെരഞ്ഞെടുപ്പ് കാലത്ത്, സിഎഎ-എൻആർസി വിരുദ്ധ പ്രതിഷേധം നടത്തിയവരെ ദേശവിരുദ്ധ പ്രവര്‍ത്തികരെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പ്രതിഷേധ സ്ഥലങ്ങൾ ഉടന്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കപിൽ മിശ്ര അന്ത്യശാസനം നൽകി. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ടു. പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാല്‍ ഉൾപ്പടെയുള്ളവരുടെ മരണത്തിലാണ് പ്രതിഷേധം കലാശിച്ചത്.
- 2020 ഫെബ്രുവരിക്ക് ശേഷം: സിഎഎയുടെ ഭരണഘടന സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ കോടതിക്ക് മുന്നില്‍ വന്നു. കൊവിഡ്-19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുകളും സിഎഎയെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധങ്ങളെയും ചർച്ചകളെയും മെല്ലെ തണുപ്പിച്ചു.
- 30.11.2022: മതത്തെ ചൊല്ലിയുള്ള പീഡനങ്ങൾ കാരണം, 2014 ഡിസംബർ 31-നോ അതിന് മുമ്പോ, ഇന്ത്യയിൽ അഭയം പ്രാപിച്ച ഒരു വിഭാഗം വിദേശികൾക്ക് മാത്രമേ സിഎഎയില്‍ പൗരത്വത്തിന് അർഹതയുള്ളൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2022 നവംബർ 30-ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
- 26.12.2023: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ നിയമമായതിനാൽ അത് നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. സിഎഎ നടപ്പാക്കുന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡിസംബർ 26 ന് നാഷണൽ ലൈബ്രറിയിൽ ബിജെപിയുടെ സോഷ്യൽ മീഡിയ, ഐടി വിങ് അംഗങ്ങളുടെ ഒരു സ്വകാര്യ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
- 03.01.2024: സിഎഎയ്‌ക്കുള്ള നിയമങ്ങൾ കേന്ദ്ര ഗവൺമെന്‍റ് തയ്യാറാക്കിയിട്ടുണ്ടെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അത് അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
- 28.01.2024: ഏഴ് ദിവസത്തിനകം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സിഎഎ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു താക്കൂർ ഒരു പൊതു റാലിയിൽ പ്രഖ്യാപിച്ചു. അപേക്ഷകർക്ക് അവരുടെ മൊബൈൽ ഫോണിൽ നിന്ന് പോലും അപേക്ഷിക്കാൻ കഴിയുന്ന തരത്തില്‍, പ്രക്രിയയെ ഓൺലൈൻ ആക്കി നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ശാന്തനു അറിയിച്ചു.
- 11.03.2024: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതായി പ്രഖ്യാപിച്ചു. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പായിരുന്നു ഈ നീക്കം.
- 15.05.2024: പൗരത്വ ഭേദഗതി നിയമം പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് പൗരത്വം 14 പേർക്ക് നൽകി.
Also Read : രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി: 14 അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി കേന്ദ്രം