റിയാസി (ജമ്മു കശ്‌മീര്‍): ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ട്രെയിൻ ഗതാഗതത്തിന് സജ്ജമായിരിക്കുന്നു. ജമ്മു കശ്‌മീരിലെ ചെനാബ് നദിക്ക് മുകളില്‍ പണിത പാലത്തിലൂടെ ആദ്യ മെമു ട്രെയിന്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ റെയില്‍വേ തീര്‍ക്കുന്ന വിസ്‌മയങ്ങളിലൊന്നാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയില്‍പാലം.
പുതുതായി പണിത ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിൻ കടന്നു പോകുന്ന ദൃശ്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു. ജമ്മു കശ്‌മീരിലെ റംബാന്‍ ജില്ലയിലെ സംഗള്‍ധാനിനേയും റിയാസിയേയും ബന്ധിപ്പിക്കുന്ന പാലമാണിത്. ചെനാബ് നദിക്ക് കുറുകെ 359 മീറ്റര്‍ ഉയരത്തില്‍ പണിതിരിക്കുന്ന പാലത്തിന് ഈഫല്‍ ഗോപുരത്തേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്.
കശ്‌മീര്‍ താഴ്വരയെക്കൂടി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് 1315 മീറ്റര്‍ നീളമുള്ള പാലം പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇനി ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഉടന്‍ ആരംഭിക്കും. നിലവില്‍ കന്യാകുമാരി മുതല്‍ കത്റ വരെയാണ് റെയില്‍പ്പാതയുള്ളത്.
കശ്‌മീര്‍ താഴ്വരയില്‍ ബരാമുള്ള മുതല്‍ സംഗല്‍ദാന്‍ വരെയും റെയില്‍പ്പാതയുണ്ട്. ഉധംപൂര്‍ - ശ്രീനഗര്‍- ബരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായ ചെനാബ് റെയില്‍പ്പാലം കൂടി പൂര്‍ത്തിയാകുന്നതോടെ രാജ്യം മുഴുവന്‍ കോര്‍ത്തിണക്കുന്ന റെയില്‍പ്പാതയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഖ്വാസിഗുണ്ട് മുതല്‍ ബരാമുള്ള വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടം 118 കിലോമീറ്റര്‍ പാത ഉദ്ഘാടനം ചെയ്‌തത് 2009 ലായിരുന്നു.ബനിഹാള്‍- ഖ്വാസിഗുണ്ട് പാത 2013 ലും ഉധംപൂര്‍- കത്ര പാത 2014 ജൂലൈയിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. ബനിഗാള്‍ മുതല്‍ സംഗല്‍ദാന്‍ വരെയുള്ള 48.1 കിലോമീറ്റര്‍ പാത ഈവര്‍ഷം ഫെബ്രുവരി 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തിരുന്നു.