ഹൈദരാബാദ്: ആന്ധ്രാ വിഭജനശേഷവും പരിഹരിക്കപ്പെടാതെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ ആന്ധ്രാപ്രദേശ് - തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് യോഗം ചേരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള ചര്‍ച്ച വൈകുന്നേരമാണ് ആരംഭിക്കുന്നത്. ഹൈദരാബാദിലെ മഹാത്മാജ്യോതി റാവു ഫൂലെ പ്രജാഭവനിലാണ് യോഗം.
2014 ജൂൺ 2 നായിരുന്നു ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. രണ്ട് സംസ്ഥാനങ്ങളായി മാറി ഒരു ദശാബ്‌ദത്തിന് ശേഷവും, ആസ്‌തികളുടെ വിഭജനം, സർക്കാർ നടത്തുന്ന സ്ഥാപനങ്ങൾ, വൈദ്യുതി ബിൽ കുടിശിക, അവശേഷിക്കുന്ന ജീവനക്കാരെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മാറ്റൽ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും ഇരു സംസ്ഥാനങ്ങൾക്കിടയിലും പരിഹരിക്കപ്പെട്ടിട്ടില്ല.
2014 ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് ഈ വർഷം ജൂൺ 2 മുതൽ ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനം അല്ലാതായി. നിലവില്‍, തെലങ്കാനയുടെ മാത്രം തലസ്ഥാനമാണ് ഹൈദരാബാദ്. അമരാവതിയാണ് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം.
ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിൻ്റെ (2014) ഷെഡ്യൂൾ 9, ഷെഡ്യൂൾ 10 എന്നിവയിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത് പ്രകാരം സംസ്ഥാനത്തിൻ്റെ വിവിധ സ്ഥാപനങ്ങളുടെയും കോർപ്പറേഷനുകളുടെയും വിഭജനത്തിലും, മറ്റ് നിരവധി വിഷയങ്ങളിലും സമവായം ഉണ്ടാകാത്തതിനാൽ, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വിഭജനം പൂർത്തിയായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
'പോളവാരം പദ്ധതി'യുടെ നിർമ്മാണം സുഗമമാക്കുന്നതിനായി വിഭജന സമയത്ത് ആന്ധ്രയിൽ ലയിപ്പിച്ച ചില ഗ്രാമങ്ങൾ ആന്ധ്രയിൽ നിന്ന് തെലങ്കാനയിലേക്ക് തിരികെ കൊണ്ടുവരാൻ തെലങ്കാന സർക്കാർ സമ്മർദം ചെലുത്തണമെന്ന് പ്രതിപക്ഷ ബിആർഎസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന്, പരിഹരിക്കപ്പെടാത്ത വിഭജന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജൂലൈ 6ന് മുഖാമുഖം വിളിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കഴിഞ്ഞ ആഴ്‌ച തെലങ്കാന മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. രേവന്ത് റെഡ്ഡി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശത്തെ സ്വാഗതം ചെയ്യുകയും മുഖാമുഖത്തിനായുള്ള അദ്ദേഹത്തിന്‍റെ ക്ഷണത്തെ സ്വീകരിക്കുകയുമായിരുന്നു.
അതേസമയം, മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും 2020 ൽ അന്നത്തെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിനുമുമ്പ് 2014 നും 2019 നും ഇടയിൽ ടിഡിപി അധ്യക്ഷൻ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായിഡുവും കെസിആറും ഇത് സംബന്ധിച്ച് കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അന്ന് ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപന ചടങ്ങിലും അവർ പങ്കെടുത്തിരുന്നു.
Also Read: ആന്ധ്ര മുഖ്യമന്ത്രിക്ക് തെലങ്കാന മുഖ്യമന്ത്രിയുടെ ക്ഷണം; വിഭജന വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക്