ചണ്ഡീഗഡ്: വൻ കോലാഹലങ്ങൾക്കൊടുവിൽ ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയായി (Chandigarh Mayoral election has completed). തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ആം ആദ്‌മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെയാണ് ബിജെപിയുടെ മനോജ് സോങ്കര്‍ പരാജയപ്പെടുത്തിയത് (Manoj Sonkar Has Been Crowned As Mayor). ഇന്ത്യാ സഖ്യവും ബിജെപിയും തമ്മില്‍ ആദ്യമായാണ് നേരിട്ട് മത്സരിക്കുന്നത്.
16 വോട്ടിന് വിജയിച്ച് മനോജ് കുമാർ സോങ്കര്‍ : 35 അംഗ ചണ്ഡിഗഡ് കോര്‍പ്പറേഷനില്‍ നടത്തിയ മേയർ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് ബിജെപിയുടെ മനോജ് കുമാർ ജയിച്ചത്. എഎപിയുടെ കുൽദീപിന് 12 വോട്ടുകൾ ലഭിച്ചു, 8 വോട്ടുകൾ അസാധുവായി. മേയർ സ്ഥാനാർത്ഥി ജസ്ബീർ സിംഗ് ബണ്ടിയുടെ നാമനിർദ്ദേശ പത്രിക പിൻവലിച്ച് കുൽദീപ് ടിറ്റയെ പിന്തുണച്ച് ബിജെപിയെ തകർക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയും കോൺഗ്രസും സംയുക്തമായാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എഎപി - കോൺഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണുണ്ടായിരുന്നത്. എന്നിട്ടും, തെരഞ്ഞെടുപ്പിൽ അവർക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി.
ബിജെപിക്ക് വൻ വിജയം : ചണ്ഡീഗഢിലെ മേയർ തെരഞ്ഞെടുപ്പ് രാവിലെ 10 മണിക്ക് ആരംഭിക്കാനിരുന്നെങ്കിലും പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് 38 മിനിറ്റ് വൈകിയാണ് എത്തിയത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. അതിനിടെ എല്ലാ കൗൺസിലർമാർക്കും തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വിശദീകരിച്ചു. ഇതിന് പിന്നാലെ ചണ്ഡീഗഡ് എം പി കിരൺ ഖേറാണ് ആദ്യം വോട്ട് ചെയ്‌തത്. ഇതിനുശേഷം, മറ്റ് കൗൺസിലർമാർ വോട്ട് ചെയ്‌തു. 12.30 ഓടെ 36 വോട്ടുകളും പോൾ ചെയ്‌തു. ഇതിന് ശേഷം വോട്ടെണ്ണല്‍ ആരംഭിച്ച്, ബിജെപിയുടെ ജയം പ്രഖ്യാപിച്ചു.
വോട്ടെണ്ണലില്‍ പ്രതിഷേധിച്ച് എഎപി - കോൺഗ്രസ് കൗൺസിലർമാർ: മേയർ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലില്‍ പ്രതിഷേധിച്ച് എഎപി - കോൺഗ്രസ് കൗൺസിലർമാർ സഭയിൽ ബഹളം സൃഷ്‌ടിച്ചു. വോട്ടെണ്ണൽ സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസറോടും ചോദ്യങ്ങൾ ഉയർന്നു. മേയറുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ എഎപി-കോൺഗ്രസ് കൗൺസിലർമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തെറ്റായ വഴിയിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് എഎപി ആരോപിച്ചു. 8 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെയാണ് എഎപി - കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. അതേസമയം ബിജെപിയുടെ ജയത്തില്‍ സംശയമുന്നയിച്ച് എഎപി സുപ്രീം കോടതിയെ സമീപിക്കും.
ALSO READ : 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ