റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ചമ്പയ് സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും(Champai Soren to take oath as CM). കഴിഞ്ഞ ദിവസം രാജ്‌ഭവനിലെത്തി ഗവർണർ സി പി രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി അദ്ദേഹം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യാന്‍ ചമ്പയ് സോറനെ ഗവർണർ ക്ഷണിച്ചിട്ടുണ്ട്.
ഭൂമി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് (Hemant Soren money laundering case) ചെയ്‌ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ വിശ്വസ്‌തനായ ചമ്പയ് സോറൻ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഒരുങ്ങുന്നത്. സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ച് ഏറെക്കഴിഞ്ഞാണ് ഗവര്‍ണറില്‍ നിന്ന് ക്ഷണമുണ്ടായത്. ഇതിനിടെ ബിജെപി സംസ്ഥാനത്ത് അട്ടിമറി നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടിയിരുന്നു. പക്ഷേ അവര്‍ക്കനുകൂലമായി എംഎല്‍എമാരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് സൂചന.
ചമ്പയ് സോറന്‍ പത്ത് ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പ് തേടും. ചമ്പയ് സോറനും 48 ഭരണപക്ഷ എംഎൽഎമാരും ചേർന്നാണ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്. അതിനിടെ ബിജെപി സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം: ബിഹാറിലെ സഖ്യസർക്കാർ രാജിവച്ചതിന് തൊട്ടുപിന്നാലെ പുതിയ സർക്കാർ രൂപീകരണത്തിനായി ഗവർണർ ക്ഷണിച്ചു. എന്നാൽ ജാർഖണ്ഡിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ചിട്ട് ഒരു ദിവസമായിട്ടും ഗവർണർ ക്ഷണിച്ചില്ല. ആദ്യം ഇഡി കേസിനെ തുടർന്ന് മുഖ്യമന്തിയെ രാജിവയ്ക്കാൻ നിർബന്ധിതനാക്കി. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് (Hemant Soren arrest) ചെയ്‌തു. എന്നാൽ ഇപ്പോൾ പുതിയ സർക്കാർ രൂപീകരണം തടയാനായി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണ്. ബിജെപി പണം ഉപയോഗിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ജനവിധി തകർക്കുന്നു. ആദ്യം ബിഹാറിലും, പിന്നീട് ചണ്ഡിഗഡിലും, ഇപ്പോൾ ജാർഖണ്ഡിലും ഇതുതന്നെ സംഭവിക്കുന്നു.
സർക്കാർ രൂപീകരിക്കാൻ ചമ്പയ് സോറനെ ക്ഷണിക്കാൻ വൈകുന്നതില്‍ കോൺഗ്രസ് നേതാവ് മല്ലികാർജുൻ (Mallikarjun Kharge) ഖാർഗെയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. 81 എംഎൽഎമാരുള്ള നിയമസഭയിൽ 41 പേരുടെ പിന്‍തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 48 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടും ചമ്പയ് സോറനെ സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിക്കാത്തത് ഭരണഘടനയോടുള്ള അനാദരവും പൊതുജനാഭിപ്രായത്തെ നിഷേധിക്കലുമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി (Enforcement Directorate) അറസ്റ്റ് ചെയ്‌ത ജെഎംഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ റാഞ്ചിയിലെ സ്‌പെഷ്യൽ പിഎംഎൽഎ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ബുധനാഴ്‌ചയാണ് (ജനുവരി 31) ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തത്. സോറന്‍റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.