മാണ്ഡി (ഹിമാചൽ പ്രദേശ്): ഇത് 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഇതിന് ഒരു ലക്ഷം രൂപയോളം വിലമതിക്കും. ചമ്പ തൂവാല എന്നാണ് ഈ തൂവാല അറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ശിവരാത്രി ഫെസ്റ്റിവലിലെ സരസ് മേളയിൽ ചമ്പ തൂവാല ആളുകളുടെ ശ്രദ്ധ ആകർഷിച്ചു.
ചമ്പ ജില്ലയിലെ സുനിത താക്കൂർ ശിവരാത്രി ഉത്സവത്തിനെത്തിയിരിക്കുന്നത് സ്വന്തമായി ഉണ്ടാക്കിയ തൂവാലയുമായാണ്. ഹിമാചലിലെ പ്രശസ്‌ത കലയായ ചമ്പ റുമാലിന്‍റെ ഈ സ്റ്റാളിൽ ഒരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. തൂവാല ആളുകളുടെ ആകർഷണ കേന്ദ്രമായി മാറി. ഒരു ലക്ഷം രൂപയുടെ തൂവാല കാണാൻ ദിവസം മുഴുവൻ ഇവിടെ ആളുകളുടെ തിരക്കാണ്.
200 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള തൂവാലകൾ തന്‍റെ പക്കലുണ്ടെന്ന് സുനിത പറയുന്നു. ചിലർ തൂവാല വാങ്ങുന്നുണ്ട്, എന്നാലും കൊറോണ കാലത്ത് നിര്‍മ്മിച്ചെടുത്ത ഒരു ലക്ഷം രൂപ വിലയുള്ള തൂവാലയിലാണ് മിക്കവരുടെയും കണ്ണ്. 'ഒരു ലക്ഷം രൂപ വിലമതിക്കുന്ന തൂവാല വിൽപനയ്‌ക്കില്ലെങ്കിലും പലരും ഇത് കാണാൻ വരുന്നുണ്ട്. കൊറോണ കാലത്താണ് ഞാനത് ഉണ്ടാക്കിയത്. 2 വർഷമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്', സുനിത താക്കൂർ പറഞ്ഞു.
ചമ്പ റുമാലിന് ജിഐ ടാഗ് ലഭിച്ചതിനാൽ തന്നെ രാജ്യത്തും വിദേശത്തും ഇതിന് അംഗീകാരം ലഭിച്ചു. ഈ കൈത്തറി ഉണ്ടാക്കാൻ വളരെയധികം സമയവും കഠിനാധ്വാനവും ആവശ്യമാണ്. ചമ്പ ജില്ലയിലെ നാരായൺ സ്വയം സഹായ സംഘത്തിന്‍റെ ഡയറക്‌ടര്‍ കൂടിയാണ് സുനിത. കഴിഞ്ഞ 30 വർഷമായി ചമ്പ തൂവാലകൾ തയ്യാറാക്കുന്നുണ്ടെന്നും ഇതുവരെ 50 സ്‌ത്രീകൾക്ക് ചമ്പ തൂവാല തയ്യാറാക്കുന്നതിൽ സൗജന്യ പരിശീലനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
'ഈ തൂവാലകൾ ഇരുവശത്തും ഒരുപോലെയാണ്. എംബ്രോയ്‌ഡറി സമയത്ത് കെട്ടുകളില്ല. ലോകമെമ്പാടും ചമ്പയിൽ മാത്രമാണ് ഇത്തരമൊരു എംബ്രോയ്‌ഡറി ചെയ്യുന്നത്. ഇതിന് ജിഐ ടാഗും ലഭിച്ചിട്ടുണ്ട്. ചെറിയ തൂവാല തയ്യാറാക്കാൻ 2 ദിവസമെടുത്തു. വലിപ്പം അനുസരിച്ച് 10 ദിവസം മുതൽ 18 ദിവസം വരെ അല്ലെങ്കിൽ ഒരു മാസം വരെ എടുക്കും', സുനിത പറഞ്ഞു.
ചമ്പ തൂവാലയുടെ കഥ: യഥാർത്ഥത്തിൽ ചമ്പ റുമാൽ ഒരു എംബ്രോയ്‌ഡറി കരകൗശല നിര്‍മ്മാണമാണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് ഈ കല ഉടലെടുത്തത്. സിഖുകാരുടെ ആദ്യ ഗുരു നാനാക്ക് ദേവ് ജിയുടെ സഹോദരി ബേബെ നാനാകിയാണ് ചമ്പ റുമാൽ ആദ്യമായി നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ തൂവാല ഇപ്പോഴും ഹോഷിയാർപൂരിലെ ഗുരുദ്വാരയിൽ സൂക്ഷിച്ചിരിക്കുന്നു.
1641 മുതൽ 1664 വരെ ചമ്പയിലെ രാജാ പൃഥ്വി സിംഗ് ചമ്പ തൂവാലയുടെ കലയെ പ്രോത്സാഹിപ്പിക്കുകയും തുണിയിൽ 'ദോ രുഖ തങ്ക' എന്ന കല അവതരിപ്പിക്കുകയും ചെയ്‌തു. ഇതിനുശേഷം, രാജകുടുംബങ്ങളുടെ ഭരണകാലത്ത് ചമ്പയിലെ മുൻ ഭരണാധികാരികൾ ഈ കലയെ മനോഹരമാക്കാനും വികസിപ്പിക്കാനും പരിപാലിക്കാനും തുടങ്ങി.
ചമ്പ തൂവാലയുടെ പ്രത്യേകത: ഇരുവശത്തുനിന്നും ഒരേപോലെ കാണപ്പെടുന്നതാണ് ഈ തൂവാലയുടെ പ്രത്യേകതയെന്ന് സുനിത താക്കൂർ പറഞ്ഞു. ഈ തൂവാലയ്ക്ക് വിപരീതമോ നേരായ വശമോ ഇല്ല, ഇതാണ് ഇതിന്‍റെ പ്രത്യേകതയും. തൂവാലയ്ക്ക് ഇരുവശത്തും സമാനമായ എംബ്രോയ്‌ഡറി ഉണ്ടാകും.
തൂവാല നിര്‍മ്മിക്കുന്നതിനായി സിൽക്ക് നിറമുള്ള നൂലുകളാണ് ഉപയോഗിക്കുന്നത്. ഈ നൂലുകളുടെ സഹായത്തോടെ ഇരുവശത്തും, വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള ദേവന്മാരുമായി ബന്ധപ്പെട്ട ചിത്രങ്ങളും നാടൻ കഥകളും തുണിയിൽ സൃഷ്‌ടിച്ചെടുക്കും.
ചമ്പ തൂവാല മികച്ച സമ്മാനം: ഇത്തരം തൂവാലകള്‍ പഴ്‌സിലും ഭാഗിലും വെക്കുന്നതിന് പകരം ഫോട്ടോ ഫ്രെയിമുകളാക്കിയാണ് സൂക്ഷിക്കുന്നത്. സംസ്ഥാന, ദേശീയ, അന്തർദേശീയ വേദികളിൽ ഹിമാചലിന്‍റെ കലയും സംസ്‌കാരവും പരാമർശിക്കുമ്പോഴെല്ലാം ചമ്പ തൂവാലയെക്കുറിച്ചും പരാമർശിക്കപ്പെടുന്നു. ചമ്പ തൂവാലയുടെ ഭംഗിയും ഇതിനെ മികച്ച സമ്മാന ഇനങ്ങളിൽ ഒന്നാക്കി മാറ്റുന്നു.
വലിയ അവസരങ്ങളിലോ അന്താരാഷ്‌ട്ര തലത്തിലുള്ള പരിപാടികളിലോ അതിഥിക്ക് സമ്മാനമായി ചമ്പ തൂവാലയും നൽകുന്നു. കഴിഞ്ഞ വർഷം നടന്ന ജി 20 സമ്മേളനത്തിൽ പോലും രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളുടെ സംസ്‌കാരവും കലയും പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾക്ക് നിരവധി സമ്മാനങ്ങൾ നൽകിയിരുന്നു. അവയില്‍ ചമ്പ തൂവാലയും ഉൾപ്പെടുത്തിയിരുന്നു. ഹിമാചൽ സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദിയെയും ബോളിവുഡ് അഭിനേതാക്കളെയും മറ്റ് പ്രമുഖരെയും സ്വാഗതം ചെയ്യാൻ നൽകിയ സമ്മാനങ്ങളിൽ ഹിമാചലി തൊപ്പി, കുല്ലാവി ഷാൾ, ചമ്പ തൂവാല എന്നിവ ഉൾപ്പെടുന്നു.