ന്യൂഡൽഹി: പാമ്പുകടിയേല്‍ക്കുന്ന കേസുകളും മരണങ്ങളും 'നോട്ടിഫയബിള്‍ രോഗ'ത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം (MoHFW) സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഇതോടെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും പാമ്പുകടിയേറ്റെന്ന് സംശയിക്കുന്ന കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധിതമാകും.
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് സനേക്ക് ബൈറ്റ് എന്‍വെനമിങ് ഫ്രം ഇന്ത്യ ബൈ 2030' (NAPSE) പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവ വ്യക്തമാക്കി. പാമ്പുകടിയേല്‍ക്കുന്ന എല്ലാ കേസുകളുടെയും മരണങ്ങളുടെയും നിർബന്ധിത അറിയിപ്പ് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'പാമ്പുകടിയേറ്റവരുടെ മരണത്തിന് കാരണമായ ഘടകങ്ങൾ, കൃത്യമായ ഭാരം, അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ, പാമ്പുകടിയേറ്റവരുടെ മെച്ചപ്പെട്ട ക്ലിനിക്കൽ മാനേജ്മെന്‍റ് എന്നിവ കണക്കാക്കാൻ പുതിയ നടപടി സഹായിക്കും. കൂടാതെ, പാമ്പുകടിയേറ്റ കേസുകളുടെയും മരണങ്ങളുടെയും റിപ്പോർട്ടിങ്ങും മെച്ചപ്പെടുത്തും'- പുണ്യ സലീല ശ്രീവാസ്‌തവ പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ പിന്തുണയ്‌ക്കായി ഡൽഹിയിലെ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ (എൻഐസിഡിസി) സ്‌നേക്ക് ബൈറ്റ് പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ ജോയിൻ്റ് ഡയറക്‌ടറും നോഡൽ ഓഫീസറുമായ ഡോ.അജിത് ഷെവാലെയെ സമീപിക്കാനും ശ്രീവാസ്‌തവ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാമ്പ് കടിയേറ്റ് മരിക്കുന്നവരില്‍ 70 ശതമാനവും എന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ പ്രതിവർഷം 3 - 4 ദശലക്ഷം പാമ്പുകടിയേറ്റ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഏകദേശം 58,000 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ആഗോളതലത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ പകുതിയും ഇന്ത്യയിലാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Also Read: റോഡില്ല, പാമ്പുകടിയേറ്റ പതിമൂന്നുകാരിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാനായില്ല, പൊലിഞ്ഞതൊരു ജീവന്‍