ന്യൂഡല്‍ഹി: കടംവാങ്ങല്‍ പരിധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക അഞ്ചംഗ ഭരണഘടന ബെഞ്ച് നേരത്തെ രൂപീകരിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തങ്ങളുടെ കടംവാങ്ങല്‍ പരിധി ഉയര്‍ത്താന്‍ ഒരു സംസ്ഥാനത്തിന് സ്വയം അവകാശമുണ്ടോയെന്ന ചോദ്യവും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
വിഷയം ഏപ്രില്‍ ഒന്നിന് ഭരണഘടന ബെഞ്ചിന് വിട്ടിരുന്നു. എന്നാല്‍ പ്രത്യേക ഭരണഘടന ബെഞ്ച് സ്ഥാപിക്കാനായി പരമോന്നത നീതി പീഠ അധികൃതര്‍ ഇനിയും ഇമെയില്‍ അയച്ചിട്ടില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയം ഭരണഘടന ബെഞ്ചിന് വിട്ടത്. ചീഫ് ജസ്റ്റിസ് ഒരു ഭരണപരമായ ഉത്തരവിലൂടെ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടതുണ്ട്.
അതേസമയം കോടതി കേരളത്തിന് യാതൊരു ഇടക്കാല ഇളവുകളും നല്‍കിയിട്ടില്ല. സംസ്ഥാനത്തിന് മതിയായ സമയം കിട്ടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. കടംവാങ്ങലിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനയിലെ 293ാം അനുച്ഛേദം കോടതി ഇതുവരെ വ്യാഖ്യാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളെല്ലാം തന്നെ ഭരണഘടനയുടെ അനുച്ഛേദം 145(3)യില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഭരണഘടന ബെഞ്ചാണെന്നും കോടതി വ്യക്തമാക്കി.