കൈക്കൂലി; എഫ്എസ്എസ്എഐ അസിസ്‌റ്റന്‍റ് ഡയറക്‌ടർ ഉൾപ്പെടെ നാലുപേര്‍ അറസ്‌റ്റില്‍ - FSSAI official arrested in Bribery - FSSAI OFFICIAL ARRESTED IN BRIBERY
കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ എഫ്എസ്എസ്എഐ അസിസ്‌റ്റന്‍റ് ഡയറക്‌ടർ ഉൾപ്പെടെ നാലുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു.
Published : May 7, 2024, 3:31 PM IST
ന്യൂഡൽഹി : കൈക്കൂലി കേസിൽ മുംബൈയിൽ എഫ്എസ്എസ്എഐ അസിസ്‌റ്റന്‍റ് ഡയറക്‌ടർ ഉൾപ്പെടെ നാലുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. എഫ്എസ്എസ്എഐയിലെ അസിസ്‌റ്റന്‍റ് ഡയറക്‌ടർ (ടെക്‌നിക്കൽ) അമോൽ ജഗ്‌താപ്, സ്വകാര്യ കമ്പനി ഡയറക്‌ടർ ഡോ. വികാസ് ഭരദ്വാജ്, കമ്പനിയുടെ സീനിയർ മാനേജർ ഹർഷൽ ചൗഗുലെ എന്നിവരും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളെയുമാണ് അറസ്‌റ്റ് ചെയ്‌തത്.
ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരിൽ നിന്നും മറ്റ് തത്പര കക്ഷികളിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് സിബിഐ അറിയിച്ചു. കേസില്‍ പ്രതിയായ അസിസ്‌റ്റന്‍റ് ഡയറക്‌ടർ, ചില പേപ്പറുകള്‍ ക്ലിയര്‍ ചെയ്യാനായി സ്വകാര്യ കമ്പനിയുടെ സീനിയർ മാനേജരിൽ നിന്ന് കൈക്കൂലി വാങ്ങിയതായി സിബിഐ വ്യക്തമാക്കി.
സീനിയർ മാനേജരിൽ നിന്നും മറ്റൊരാളില്‍ നിന്നും 1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ പ്രതികളെ പിടികൂടിയത്. പ്രതികളുടെ ഓഫിസിലും താമസ സ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ 37.3 ലക്ഷം രൂപയും 45 ഗ്രാം സ്വർണവും വിവിധ സ്ഥാവര സ്വത്തുക്കളുടെ രേഖകളും മറ്റ് രേഖകളും കണ്ടെടുത്തതായി സിബിഐ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി മെയ് 8 വരെ കസ്‌റ്റഡിയിൽ വിട്ടു.