താനെ: മഹാരാഷ്‌ട്ര ബിജെപി എംഎൽഎ ഗൺപത് ഗെയ്‌ക്‌വാദിനെതിരെ ജാതി അധിക്ഷേപ കുറ്റം. ശിവസേന നേതാവായ മഹേഷ് ഗെയ്‌ക്‌വാദിന് നേരെ വെടിയുതിർത്ത കേസിൽ പ്രതിയായ ഗൺപത് ഗെയ്‌ക്‌വാദിനെതിരെയാണ് ആരോപണം. ഗൺപത് ഗെയ്‌ക്‌വാദിനെതിരെ എസ്‌സി/എസ്‌ടി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ.
ജനുവരി 31 ന് ഗൺപത് ഗെയ്‌ക്‌വാദും മറ്റ് ഏഴുപേരും ചേർന്ന് തന്നെ ജാതി അധിക്ഷേപത്തിന് ഇരയാക്കിയെന്ന ഗ്രാമവാസിയുടെ പരാതിയിലാണ് ഗെയ്‌ക്‌വാദിനെതിരെ കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മഹേഷ് ഗെയ്‌ക്‌വാദിന് നേരെ ആറ് തവണ നിറയൊഴിച്ചതായ് പറയുന്നു. ദീർഘകാലമായി ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ആക്രമണം നടന്നത്. കൂടാതെ ഹിൽ ലൈൻ പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടറുടെ ക്യാബിനിനുള്ളിൽ വെച്ച് മഹേഷ് ഗെയ്‌ക്‌വാദിന്‍റെ കൂട്ടാളി രാഹുൽ പാട്ടീലിന് പരിക്കേൽക്കുകയും ചെയ്‌തു. മൂന്ന് തവണ എംഎൽഎക്കെതിരെ വധശ്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസ് ചുമത്തിയിട്ടുണ്ട്.
ശനിയാഴ്‌ച ദ്വാർലി ഗ്രാമവാസിയുടെ പരാതിയിൽ ഗൺപത് ഗെയ്‌ക്‌വാദിനും മറ്റ് ഏഴ് പേർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമവും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും കേസെടുത്തതായി ഹിൽ ലൈൻ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഭൂവുടമയായ സ്‌ത്രീയുടെ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
ഗണപത് ഗെയ്‌ക്‌വാദിന്‍റെ മകൻ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഹിൽ ലൈൻ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മഹേഷ് ഗെയ്‌ക്‌വാദും തന്‍റെ ആളുകളുമായി സ്‌റ്റേഷനില്‍ എത്തി. പിന്നീടാണ് എംഎല്‍എ ഇവിടെയെത്തുന്നത്. സീനിയർ ഇൻസ്‌പെക്‌ടർ അനിൽ ജഗ്‌താപിന്‍റെ ക്യാബിനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീടിത് കയ്യാങ്കളിയിലെത്തിയതിന് പിന്നാലെയാണ് വെടിവയ്‌പ്പ് നടന്നത്.