ഹൈദരാബാദ് : വനപര്‍ത്തിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ (ഇന്നോവ) മരത്തില്‍ ഇടിച്ച് അപകടം. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരി സ്വദേശികളായ അബ്‌ദുല്‍ റഹ്മാൻ (62), ഭാര്യ സലീമ (85), മക്കളായ വാസിർ റാവുത്ത് (ഏഴ് മാസം), ബുഷ്റ (2), മരിയ (5) എന്നിവരാണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. സമീറ, ഹുസൈൻ , ഷാഫി, ഖാദറുന്നിസ, ഹബീബ്, അലി, ഷാജഹാൻ ബെയ്‌ഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് (മാര്‍ച്ച് 4) പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അമിത വേഗത്തില്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടതോടെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനപര്‍ത്തി പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അഞ്ച് പേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അലി വനപർത്തി ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി കർണൂലിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന് അകത്ത് കുടുങ്ങിയവരെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. ബെല്ലാരിയില്‍ നിന്ന് ഹൈദരാബാദിലേക്ക് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനായെത്തി തിരികെ മടങ്ങവേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.